കാസര്‍ഗോഡ്: ഹണി ട്രാപ്പിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മധൂര്‍ ഉളിയത്തടുക്ക സ്വദേശി നൗഫലി(39)നെയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.
അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
സമൂഹമാധ്യമത്തിലൂടെ ഖാദറുമായി പരിചയം സ്ഥാപിച്ച യുവതിയുമൊത്തുള്ള നഗ്നചിത്രം തന്റെ കൈയില്‍ ലഭിച്ചിട്ടുള്ളതായും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് നൗഫല്‍ പണം തട്ടാന്‍ ശ്രമിച്ചത്.
ആദ്യം 25 ലക്ഷം രൂപയും അത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ പത്തുലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.
50,000 രൂപ നല്കിയ ഖാദര്‍ പ്രതിയുടെ സമ്മര്‍ദം തുടര്‍ന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാക്കി തുക നല്‍കാമെന്നേറ്റ് വിളിച്ചുവരുത്തിയാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ മൊബൈല്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.
സംഘത്തില്‍ യുവതികളുള്‍പ്പെടെ കൂടുതല്‍ പേരുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. നേരത്തേ പലരേയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയിട്ടുള്ളതായും പറയപ്പെടുന്നു.