വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരേയും മലയാളികൾ മുക്തരായിട്ടില്ല. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം എന്നും തീരാ വേദനയായി നിലനിൽക്കും. ഉറ്റവരെയും ഉടയവരേയും പലർക്കും നഷ്ടമായി.
തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാത്ത പലരും അക്കൂട്ടത്തിലുണ്ട്. ഇതിനിടെയിൽ നൗഫലിന് നഷ്ടമായത് തന്റെ കുടുംബം മുഴുവനായിരുന്നു. ചാലിയാർ പുഴയുടെ തീരത്ത് ചങ്ക് തകർന്ന് നിരാലംബനായി കരയുന്ന നൗഫലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. ‘നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന്’ എന്ന് ടിനി ടോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സഹിക്കാനാവുന്നില്ല. നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല. നീ എന്നും എന്റെ തീരാ ദുഖമായിരിക്കും. ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല.
നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്കു ആരെങ്കിലും ഒക്കെ ആകണം. നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന്. ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ. എന്തിനും(നൗഫലിനെ ഞാൻ നേരിട്ടു വിളിച്ചു സംസാരിച്ചു).