ഷൊർണൂർ: പ്രതിശ്രുത വരനെന്ന വ്യാജേന യുവതിയിൽനിന്നു സ്വർണം തട്ടിയ വിരുതനെ ഷൊർണൂർ ആർപിഎഫ് എസ്ഐ ഫിറോസ് പിടികൂടി ഷൊർണൂർ പോലീസിനു കൈമാറി. പൊന്നാനി വെളിയംകോട് തെക്കെകല്ലം വീട്ടിൽ നൗഷാദ് ( 39) ആണ് പിടിയിലായത്.
തിരുവനന്തപുരത്ത് ഹോമിയോ അവസാന വർഷ വിദ്യാർഥിനിയായ മലപ്പുറം സ്വദേശിനിയുടെ പക്കൽനിന്നാണ് ഇയാൾ സ്വർണം തട്ടിയെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന വിദ്യാർഥിനിയുടെ പ്രതിശ്രുത വരനാണെന്ന നിലയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഫോണ്കോൾ വരികയായിരുന്നു.
ചെറിയ സാന്പത്തിക ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു വിദ്യാർഥിനിയുടെ സ്വർണ വള ആവശ്യപ്പെട്ടു. അതു വാങ്ങാൻ ഒരാളെ ഷൊർണൂരിലേക്കു പറഞ്ഞയയ്ക്കാമെന്നു പറഞ്ഞ നൗഷാദ് ആളെ തിരിച്ചറിയാനുള്ള അടയാളങ്ങളും പറഞ്ഞുകൊടുത്തു.
സംശയങ്ങളുണ്ടായിരുന്നെങ്കിലും വിദ്യാർഥിനി ട്രെയിനിൽ ഷൊർണൂരിലെത്തി അടയാളങ്ങളുമായി എത്തിയ ആൾക്ക് കൈയിലെ വള ഉൗരി നൽകി. തൊട്ടടുത്ത ദിവസം തന്നെ ഫോണിലൂടെ വീണ്ടും പണത്തിനുവേണ്ടി ഇതേ രീതിയിൽ സ്വർണമാല കൂടി ആവശ്യപ്പെട്ടതോടെ വിദ്യാർഥിനിക്ക് ഇതു തട്ടിപ്പാണെന്ന സംശയം ബലപ്പെടുകയായിരുന്നു.
തുടർന്നു ഷൊർണൂർ ആർ.പി.എഫ്. നിർദേശപ്രകാരം ഇന്നലെ ഇയാളെ ഷൊർണൂരിലെത്തിച്ചു. രാജ്യറാണി എക്സ്പ്രസിലെ ലേഡീസ് കന്പാർട്ടുമെന്റിലുണ്ടായിരുന്ന വിദ്യാർഥിനിയെ തേടി നൗഷാദ് എത്തി. വിദ്യാർഥിനി ചെയിൻ കൈമാറിയതോടെ പരിസരത്തു മാറി നിന്നിരുന്ന ആർ.പി.എഫ്. എസ്ഐ ഫിറോസ് വിരുതനെ കൈയോടെ പിടികൂടുകയായിരുന്നു.
പിടിയിലായ നൗഷാദ് തന്നെയാണ് പ്രതിശ്രുത വരനെന്ന നിലയിൽ ഫോണിൽ വിളിച്ചതും ട്രെയിനിൽ വന്ന് സ്വർണം വാങ്ങിയതെന്നും ബോധ്യപ്പെട്ടതോടെ ഷൊർണൂർ എസ്ഐ സുജിത്തിനു കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.