പ്രത്യേക ലേഖകന്‍
കായംകുളത്തെ ജനകീയ പഴംപച്ചക്കറി വ്യാപാരിയായിരുന്ന നൗഷാദ് അഹമ്മദിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയ. പഴം പച്ചക്കറി വില്പനയില്‍ മറ്റു വ്യാപാരികളുടെ കൊള്ളയെ എതിര്‍ത്തതും വധഭീഷണിയുണ്ടെന്ന് നൗഷാദ് തന്നെ മുമ്പ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതുമാണ് സംശയത്തിന് കാരണം. മാത്രമല്ല, അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ചിത്രങ്ങളും സംശയം ബലപ്പെടുത്തുന്നു. തിരുനെല്‍വേലിയില്‍വച്ച് നൗഷാദും കടയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി അനുവും സഞ്ചരിച്ച കാര്‍ ലോറിയിലിടിച്ചായിരുന്നു അപകടം. നൗഷാദ് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്.
നൗഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വാദിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്- 1. നൗഷാദ് സഞ്ചരിച്ച കാറിന്റെഡ്രൈവറിന്റെ ഭാഗം അല്ല ഇടിച്ചിരിക്കുന്നത്. 2. മുന്‍ഭാഗം ഇടതുവശം ആണ് ഇടിക്കുകയും കൂടുതല്‍ അപകടം ഉണ്ടാകുകയും ചെയ്തിരിക്കുന്നത്. 3. കാറിന്റെ മുന്‍വശം കൊണ്ട് ലോറിയുടെ പുറകില്‍ ഇടിച്ചാല്‍ ഡോറിന്റെ ഭാഗത്ത് എങ്ങനെ അപകടം ഉണ്ടാവും? 4. ലോറിയുടെ പുറകില്‍ കാര്‍ ഇടിച്ചിട്ട് ലോറിയുടെ നമ്പര്‍ പ്ലേറ്റിനു ചെറിയ പോറല്‍ പോലും ഏറ്റിട്ടില്ല. ചിത്രം സഹിതം ഈ തെളിവുകള്‍ നിരത്തുമ്പോള്‍ സംശയം തോന്നുക സ്വഭാവികമാണ്.
നൗഷാദും കൂട്ടുകാരനും സഞ്ചരിച്ച കാര്‍ നിശേഷം തകര്‍ന്നെങ്കിലും ലോറിക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടില്ലെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ചെറിയ പോറല്‍ ഒഴിച്ചാല്‍ കാര്യമായൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ കാര്‍ നിശേഷം തകര്‍ന്നുപോകുകയും ചെയ്തു. തിങ്കളാഴ്ച ഇളയമകള്‍ ഹന്നയുടെ പിറന്നാള്‍ ആഘോഷിച്ചശേഷം പുലര്‍ച്ചെ പച്ചക്കറിയെടുത്ത് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് നൗഷാദ് മരണപ്പെടുന്നത്. അപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പഴവര്‍ഗങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്കു വിറ്റതിനു മറ്റു കച്ചവടക്കാര്‍ നൗഷാദിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വില്‍ക്കുന്നവരാണ് കേസ് കൊടുത്തതെന്ന നൗഷാദിന്റെ ഫേസ്ബുക്ക് പ്രതികരണം നേരത്തെ വൈറലായിരുന്നു. ജസ്റ്റിസ് നൗഷാദ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.