അന്യസംസ്ഥാനങ്ങളില്‍ നേരിട്ടുപോയി പഴവര്‍ഗങ്ങളും പച്ചക്കറികളും ലോറിയില്‍ കയറ്റി കായംകുളത്ത് എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തി ജനകീയനായ വ്യാപാരിയുടെ വേര്‍പാട് കായംകുളം നിവാസികള്‍ക്ക് നൊമ്പരമായി. കായംകുളം കൊറ്റുകുളങ്ങര ചെങ്കിലാത്ത് തെക്കതില്‍ (കൊട്ടിലില്‍ ) നൗഷാദ് അഹമ്മദ് (40)ന്റെ വേര്‍പാടാണ് നൊമ്പരമായത്. തിരുനല്‍വേലിയില്‍ വച്ച് നൗഷാദും കടയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വാദേശി അനുവും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
പച്ചക്കറിയും പഴവര്‍ഗങ്ങളും കയറ്റിവരാന്‍ പോയതായിരുന്നു ഇവര്‍. നവമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് നൗഷാദ് അഹമ്മദ് ശ്രദ്ധേയനായത്. കായംകുളത്തെ തന്റെ വ്യാപാരസ്ഥാപനത്തില്‍ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് പിന്തുണ തേടിയത് നവ മാധ്യമ ക്കൂട്ടായ്മയിലൂടെയാണ്. സാധനങ്ങളുടെ ഗുണമേന്മയും വിലക്കുറവും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. അതിനാല്‍ വലിയ പിന്തുണയാണ് നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ചിരുന്നത്. കഴിഞ്ഞ ഓണത്തിന് വിലകുറച്ച് വില്‍പ്പന നടത്തിയ നൗഷാദിനെതിരെ ചിലര്‍ പോലീസില്‍ പരാതിയും നല്കി. പോലീസ് സ്റ്റേഷനില്‍ പോകില്ലെന്നും അഞ്ചുരൂപയുടെ സാധനം അമ്പതുരൂപയ്ക്ക് വില്‍പ്പന നടത്തി കൊള്ള ലാഭം നേടുന്ന കഴുത്തറപ്പന്മാര്ക്കെതിരെ പ്രതികരിക്കുക എന്ന പ്രതിഷേധ ശബ്ദം ഉയര്‍ത്തി നൗഷാദ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.
കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്ക്കാന് തന്നെ അനുവദിക്കുന്നില്ലെന്നും ചില വ്യാപാരികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും എന്നാല്‍ താന്‍ പിന്മാറില്ലന്നും നൗഷാദ് വീഡിയോയിലൂടെ പ്രസ്താവിച്ചു. പത്ത് ലക്ഷത്തിലധികം പേര് ഈ വീഡിയോ കാണുകയും പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് നൗഷാദ് ശ്രദ്ധേയനായത്. വിഷയം നവമാധ്യമങ്ങള്‍ ഏറ്റേടുത്തതോടെ പോലീസും പിന്മാറി. കൂടാതെ വാര്‍ത്താ മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായി. കുറഞ്ഞ വിലയ്ക്ക് വിറ്റാലും ജീവിക്കാന്‍ മതിയായ ലാഭം കിട്ടുമെന്നാണ് നൗഷാദ് സമൂഹത്തെ ബോധ്യപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പഴവര്‍ഗങ്ങളും പച്ചക്കറിയും തോട്ടത്തോടെ വിലയ്ക്കെടുത്ത് കായംകുളത്ത് എത്തിച്ചായിരുന്നു വ്യാപാരം നടത്തിയിരുന്നത്.
കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം സേവനപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ച് നൗഷാദ് വ്യത്യസ്തനായി. കെ.എ നൗഷാദ് ആന്‍ഡ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ പേര.് അന്യസംസ്ഥാനങ്ങളില്‍ സാധനങ്ങള്‍ കയറ്റാന്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചാണ് നൗഷാദ് പോകാറുള്ളത്. കഴിഞ്ഞ ദിവസവും യാത്രചോദിച്ചു. പക്ഷെ അത് ഒരിക്കലും തിരിച്ചുവരാത്ത യാത്രയാണെന്ന് തിരിച്ചറിയുമ്പോള്‍ ഏവര്‍ക്കും അത് നൊമ്പരമായി. അവസാനമായി ഫേസ്ബുക്കില്‍ നല്കിയ പോസ്റ്റ് ഇളയമകള്‍ ഹന്നയുടെ പിറന്നാളാണ് നാളെ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നായിരുന്നു. ഇതും സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. കൂടാതെ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും പോകുന്നതിന് മുമ്പ് പത്തനാപുരം ഗാന്ധിഭവനിലെത്തി അവിടുത്തെ അന്തേവാസികള്‍ക്ക് സഹായവും പഴവര്‍ഗങ്ങളും എത്തിച്ചുനല്‍കിയിരുന്നു. ഹസീനയാണ് ഭാര്യ മക്കള്‍- ഐഷ ഫാത്തിമ, ഹന്ന.