കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിശേഷം മുങ്ങിയ പ്രതി പിടിയിൽ.
കൊല്ലം കൊട്ടാരക്കര പത്തടി നൗഷാദ് മൻസിലിൽ പ്രാവ് നൗഷാദെന്ന് വിളിക്കുന്ന നൗഷാദ് (38) ആണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്.
ഒരു സ്ത്രീയുമായി അടുപ്പത്തിലായി ഇവരോടൊപ്പം താമസിച്ച് വരവെ അവരുടെ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പ്രസവിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പുത്തൂർ, ശാസ്താംകോട്ട ഉൾപ്പടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കളവ് കേസുകളിൽ പ്രതിയായ നൗഷാദ് ബംഗളൂരു, കാസർഗോഡ് എന്നിവിടങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇവിടങ്ങളിൽ പോലീസ് എത്തിയ വിവരമറിഞ്ഞ് നൗഷാദ് അവിടെ നിന്നും നാഗർകോവിലിൽ എത്തി ഒളിവിൽ കഴിഞ്ഞു.
തുടർന്ന് നാഗർകോവിലിൽ നിന്നും ട്രെയിൻമാർഗം വരുന്നുണ്ടെന്ന രഹസ്യവിവരം റൂറൽ എസ്പി ഡി. ശിൽപയ്ക്ക് ലഭിച്ചതിനെ തുടർന്ന് വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ നൗഷാദിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്യുമ്പോൾ നൗഷാദ് കളവായ പേരും വിലാസുമാണ് പോലീസിനോട് പറഞ്ഞത്. സംശയം തോന്നിയ പോലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ കൊല്ലം ജില്ലയിലെ നിരവധി കളവ് കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ നൗഷാദാണെന്ന് വ്യക്തമായത്.
പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.