ഹരിപ്പാട്: ആപത്തുകാലത്ത് അതിഥി തൊഴിലാളികൾക്ക് സാന്ത്വനവുമായി യുവ വ്യവസായി.
പല്ലന ലബ്ബയുടെ പറന്പിൽ നൗഷാദ് എന്ന മനുഷ്യ സ്നേഹി കുറ്റിക്കാട് ജംഗ്ഷന് സമീപമുള്ള തന്റെ കെട്ടിടത്തിൽ താമസിക്കുന്ന മുപ്പതോളം ആതിഥി തൊഴിലാളികളുടെയും അഞ്ച് വ്യാപാര സ്ഥാപനങ്ങളുടെയും വാടക വാങ്ങാതെ യാണ് അവരുടെ വിഷമ വേളയിൽ കൈത്താങ്ങാകുന്നത്.
കൊറോണ വ്യാപന കാലത്ത് ജോലി നഷ്ടപ്പെട്ട് ജീവിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്കും വ്യാപാരികൾക്കും കടയുടമയുടെ ഈ തീരുമാനം നൽകുന്ന ആശ്വസം ചെറുതല്ല.
നൗഷാദിന്റെ ഈ പുണ്യ പ്രവൃത്തിയിൽ അതിഥി തൊഴിലാളികളും സ്ഥാപന ഉടമകളും ജീവനക്കാരും പൊതുസമൂഹവും ഏറെ സ്നേഹത്തോടെയും കടപ്പെട്ടിരിക്കുന്നു .മാസം നാൽപതിനായിരം രൂപയാണ് വാടകയിനത്തിൽ ലഭിച്ചുകൊണ്ടിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ പറ്റുന്ന സാഹചര്യമുണ്ടാകുന്ന സമയം വരെയും അവരെ സംരക്ഷിക്കുമെന്നു ലോകമാകമാനം വിഷമ വേളയിൽ കടന്നുപോകുന്ന സാഹചര്യത്തിൽ തന്നാൽ കഴിയുന്ന സഹായം ചെയ്യുമെന്നും നിറഞ്ഞ മനസോടെ നൗഷാദ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പല്ലന എൽ പി സ്കൂൾ പ്രഥമാധ്യാപകൻ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ഫാത്തിമ ബീവിയുടെ മകനാണു നൗഷാദ്.
സൗദി അറേബ്യയിലെ വ്യവസായത്തോടൊപ്പം ഹരിപ്പാട്ടും അന്പലപ്പുഴയിലും മെഡിക്കൽ പോയിന്റ് എന്ന സ്ഥാപനവും നടത്തി വരുന്നു. നിരവധി സന്നദ്ധ സേവന സംഘടനകൾക്കും വ്യക്തികൾക്കും തണലായി നിൽക്കുന്ന നൗഷാദിനൊപ്പം ഭാര്യ സലീനയും മക്കളായ ആയിഷ, മുഹമ്മദ് യാസീൻ, ഫാത്തിമ എന്നിവരുമുണ്ട്.