കാഞ്ഞങ്ങാട്: ഭര്‍തൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
പാണത്തൂര്‍ സ്വദേശിനി നൗഷീറ(25)യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുൾ റസാഖി(34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബന്ധുവീട്ടിൽവച്ച് ഭര്‍ത്താവിന്റെ മര്‍ദനമേറ്റതിന്റെ മാനസികവിഷമത്തെ തുടര്‍ന്നാണ് നൗഷീറ ജീവനൊടുക്കിയതെന്ന് വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞമാസം പത്തിനായിരുന്നു സംഭവം. ദുബായിൽ സ്വന്തമായി ബിസിനസുള്ള അബ്ദുൾ റസാഖ് ആറുമാസം മുന്‍പ് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. തിരിച്ചുപോകുന്നതിന്റെ പിറ്റേന്നാണ് ഭാര്യ ജീവനൊടുക്കിയത്.
സംഭവം നടന്ന ഫെബ്രുവരി പത്തിന് വൈകുന്നേരം ഇരുവരും പടന്നക്കാട് ഒഴിഞ്ഞവളപ്പിലുള്ള റസാഖിന്റെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു.
ഇവിടെ ബന്ധുക്കളുടെ മുന്നില്‍വച്ച് റസാഖ് നൗഷീറയെ മര്‍ദിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം സൂചിപ്പിച്ച് നൗഷീറ സഹോദരിക്ക് വാട്സ് ആപ് സന്ദേശം അയച്ചിരുന്നു.
പുലർച്ചെ ഒന്നോടെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതിനുശേഷം റസാഖ് ചായ ഉണ്ടാക്കുന്നതിനായി അടുക്കളയില്‍ പോയ സമയത്ത് നൗഷീറ ഷാള്‍ ഉപയോഗിച്ച് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ റസാഖും കുടുംബാംഗങ്ങളും ഷാള്‍ മുറിച്ചുമാറ്റി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റസാഖിനെ ഡിവൈഎസ്പി കെ.എം.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മൂന്നരയും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്.