തിരുവനന്തപുരം: നവകേരള സദസിനെതിരേ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്നലെ പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് യുഡിഎഫ് ഉയർത്തുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഡിഎഫ് കൺവീനർ എം.എം. ഹസനും ഇന്ന് മാധ്യമങ്ങളെ കാണും. കൂടാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കണ്ണൂരേക്ക് തിരിക്കും. മർദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന പ്രവർത്തകരെ ഇവർ ആശുപത്രിയിൽ സന്ദർശിക്കും.
യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും വി.ഡി. സതീശൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരാനുള്ള നിലപാടിലാണ്. നവകേരളസദസ് കണ്ണൂർ ജില്ലയിൽ കടന്നതോടെ പ്രതിഷേധവും ശക്തമാകുമെന്നുറപ്പാണ്.
നവകേരള സദസ് രാഷ്ട്രീയ പ്രചാരണ പരിപാടിയായി മാറിയെന്ന ആക്ഷേപവും ശക്തമാണ്. തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയപരിപാടിയാണു നടക്കുന്നതെന്നും തലപ്പാവ് വച്ചു രാജഭരണകാലത്തെ ഓർമിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.