സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളില്‍ നടപ്പിലാക്കുന്ന നവചേതന എന്ന പേരിലുള്ള നാലാം ക്ലാസ് തുല്യതാപരീക്ഷ പാമ്പാടുംപാറ പഞ്ചായത്തില്‍ നടന്നു.
പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഇതില്‍ 19 മുതല്‍ 85 വയസുവരെയുള്ളവര്‍ പരീക്ഷ എഴുതി. 55 വയസിന് മുകളിലുള്ളവരായിരുന്നു ഭൂരിഭാഗം പേരും. കഴിഞ്ഞ ആറു മാസമായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളിലും ഒഴിവുസമയങ്ങളിലും സമയം കണ്ടെത്തിയാണ് ഇവരെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചത്.
പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഏഴ്, പത്ത്, പ്ലസ് വണ്‍ തുല്യതാ പരീക്ഷകള്‍ എഴുതാന്‍ കഴിയും. പാമ്പാടുംപാറ പുതുക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ പരീക്ഷയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബേബിച്ചന് ചിന്താര്‍മണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ജെ. ഉദയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍സ്ട്രക്ടര്‍ ജയമോള്‍ സജി, പി.ടി. ഷേര്‍ളി, കുമാരി സൗമ്യ, സുബലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.