ഗാന്ധിനഗർ: വീട് തകർന്നു രോഗബാധിതനായി വെയ്റ്റിംഗ് ഷെഡിൽ കഴിഞ്ഞിരുന്നയാളെ നവജീവൻ ട്രസ്റ്റ് ഏറ്റെടുത്തു. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിനു സമീപം പുല്ലാനപ്പള്ളിയിൽ ശാന്തപ്പൻ (74) നെയാണ് നവജീവൻ ഏറ്റെടുത്തത്. എസ്എച്ച് മൗണ്ടിലുള്ള വെയിറ്റിംഗ് ഷെഡിലായിരുന്നു ശാന്തപ്പൻ രാത്രിയും പകലും കഴിഞ്ഞിരുന്നത്.
ഇന്നലെ വൈകുന്നേരം ആറിന് വെയ്റ്റിംഗ് ഷെഡിൽ എത്തിയാണ് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ശാന്തപ്പനെ ഏറ്റെടുത്തത്. രണ്ടാഴ്ച മുന്‍പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ശാന്തപ്പൻ താമസിച്ചിരുന്ന വീടു പൂർണമായി തകർന്നത്. വീടു തകർന്നു വീഴുന്പോൾ വീട്ടിലുണ്ടായിരുന്ന ശാന്തപ്പൻ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഭാര്യയും രണ്ട് ആണ്‍കുട്ടികളും ശാന്തപ്പനുണ്ടായിരുന്നു. നാലുവർഷം മുൻപ് ഇവർ ഉപേക്ഷിച്ചു പോയി. വീട് തകർന്നതിനെ തുടർന്ന് പ്ലാസ്റ്റിക് കസേരയുമായി വെയ്റ്റിംഗ് ഷെഡിൽ അഭയം തേടുകയായിരുന്നു. സമീപത്തുള്ള രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളായിരുന്നു ഭക്ഷണം വാങ്ങി നൽകിയിരുന്നത്. സ്കൂൾ കവലയിൽ ഡ്യൂട്ടിക്കെത്തിയ ഹോം ഗാർഡാണ് നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ വിവരമറിയിച്ചത്.