ചിങ്ങവനം: “സ്നേഹതീരത്തെ” ദു:ഖം മറന്ന് മേരിയമ്മ ഇപ്പോള്‍ സന്തോഷത്തിലാ. മകന്റെ വീട്ടില്‍ പ്രവേശനം നിഷേധിച്ച പനച്ചിക്കാട് ചോഴിയക്കാട് മേനാംപടവില്‍ സ്നേഹതീരം വീട്ടില്‍ മേരിയെ(65)യെ ഇന്നലെ വൈകുന്നേരം നാട്ടുകാര്‍ ചേര്‍ന്ന് നവജീവനില്‍ ഏല്പിച്ചു. നവജീവന്‍ ട്രസ്റ്റി പി.യു.തോമസിന്റെ നേതൃത്വത്തില്‍ എത്തിയവര്‍ മേരിയമ്മയെ സ്നേഹത്തോടെ വരവേറ്റു. സ്നേഹ തീരത്തു നിന്ന് ലഭിക്കാത്ത സ്നേഹം ആവോളം അനുഭവിക്കുകയാണ് ഇപ്പോള്‍ മേരിയമ്മ.
മേരിയ്ക്ക് രണ്ടു ആണ്‍മക്കളാണുള്ളത്. ഒരാള്‍ ആലുവയിലും, മൂത്ത മകന് ചോഴിയക്കാട്ടും താമസിക്കുന്നു. ചോഴിയക്കാട്ട് താമസിക്കുന്ന മൂത്തമകന് കുടുംബ സമേതം ജോലി സ്ഥലമായ മുംബൈയിലാണ്. ഈ വീട്ടില്‍ ഇപ്പോള്‍ മകന്റെ അമ്മായിയമ്മയാണ് താമസം. മേരി ആദ്യം ആലുവയിലുള്ള മകനോടൊപ്പമായിരുന്നു താമസം. ആലുവയിലുള്ള വീട് മകന് വിറ്റതോടെ കുന്നന്താനത്തുള്ള സഹോദരന്റെ വീട്ടില്‍ എത്തി. അവിടെ താമസക്കുന്നതിനിടെ വീടിനുള്ളില്‍ വീണു മേരിയ്ക്ക് പരിക്കേറ്റിരുന്നു. കാലിനു സാരമായി പരിക്കേറ്റ മേരിയെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പണം അടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നതോടെ മേരിയെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ചേഴിയക്കാട്ടുള്ള മകന്റെ വീട്ടിലെത്തിച്ചു. ഇതോടെ ആ വീട്ടില്‍ താമസിക്കുന്ന മകന്റെ അമ്മായിഅമ്മ വീട് പൂട്ടുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് മേരി ചോഴിയക്കാട്ടുള്ള മകന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് അകത്ത് പ്രവേശിക്കാനാകാതെ വീടിന്റെ തിണ്ണയില്‍ എഴുന്നേറ്റു നില്ക്കുവാന് പോലും ത്രാണിയില്ലാതെ കിടന്ന കിടപ്പില്‍ കിടക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ആലുവായിലുള്ള ഇളയ മകന് തിങ്കളാഴ്ച സ്ഥലത്തെത്തിയെങ്കിലും മുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചിങ്ങവനം പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി മേരിയെ അകത്തു പ്രവേശിപ്പിക്കുവാന്‍ നടത്തിയ ശ്രമം മൂത്ത മകന്റെ അമ്മായിയമ്മ ആദ്യം തടസപ്പെടുത്തിയെങ്കിലും പിന്നീട് വീട് തുറന്ന് അകത്ത് പ്രവേശിപ്പിച്ചു. ുടര്‍ന്ന് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്.സുനില്‍കുമാര്‍, പഞ്ചായത്ത് പ്രതിനിധികളായ റോയി മാത്യു, ഇ.റ്റി.ഏബ്രഹാം, സുമാ മുകുന്ദന്, ജയശ്രീ ടീച്ചര്‍, എന്നിവരുടെ ശ്രമഫലമായി ഇന്നലെ വൈകുന്നേരത്തോടെ നവജീവന്‍ ഏറ്റെടുത്തു. ചാന്നാനിക്കാട് പിഎച്ച്സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി.ജോണ്‍, ഇന്‍സ്പക്ടര്‍ ജയിംസ് കുട്ടി ഏന്നിവരും സ്ഥലത്തെത്തിയിരുന്നു.ചിത്രം- മകന്റെ വീടിന്റെ തിണ്ണയില്‍ അവശ നിലയില്‍ കാണപ്പെട്ട വയോധികയെ പഞ്ചായത്ത് പ്രതിനിധികളുടെ മേല്‍ നോട്ടത്തില്‍ നവജീവനിലേക്ക് കൊണ്ടു പോകുവാന്‍ ആംബുലന്‍സിലേക്ക് കയറ്റുന്നു.