ഗാന്ധിനഗർ: പ്രസവ ശസ്ത്രക്രിയയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിൽ പിഴവ് ഉണ്ടായതിനെ തുടർന്ന് ശരീരം പൂർണമായി തളർന്ന യുവതിക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കി നൽകി നവജീവൻ ട്രസ്റ്റ്. മൂവാറ്റുപുഴ സ്വദേശിയായ ഹരിദാസിന്റെ ഭാര്യയും കോഴിക്കോട് കൂന്പാറ സ്വദേശിനിയുമായ ലിജി (32)ക്കും എട്ടു മാസം പ്രായമുള്ള പെണ്കുട്ടിക്കും ഭർത്താവിനുമാണ് ആശുപത്രിയിലെ വരാന്തയിലെ താമസത്തിൽ നിന്നു മോചനമുണ്ടായത്.
2019 സെപ്റ്റംബർ 26 നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ലിജിയെ സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയയ്ക്കുവേണ്ടി ആദ്യതവണ നൽകിയ അനസ്തേഷ്യ ഫലപ്രദമാകാതെ വന്നപ്പോൾ രണ്ടാമത് വായിലൂടെ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ പൂർത്തികരിച്ചു.
തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഈ സമയം ലിജിയുടെ കഴുത്തിന് താഴേക്ക് ശരീരം പൂർണമായി തളർന്നു. പരിചരണത്തിന് ഭർത്താവ് ഹരിദാസ് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ശരീരം പൂർണമായി തളർന്നു പോയത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ഹരിദാസ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
അന്വേഷണത്തിൽ അനസ്തേഷ്യ നൽകിയപ്പോൾ പിഴവുണ്ടായതിനാലാണ് ലിജിയുടെ ശരീരം തളർന്നു പോയതെന്നും ചിലർക്ക് വായിലൂടെ അനസ്തേഷ്യ നൽകുന്പോൾ വളരെ വിരളമായി ഇത്തരം സംഭവം ഉണ്ടാകാറുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തി. തുടർന്ന് തുടർ ചികിത്സ പൂർണമായി സൗജന്യമായി ചെയ്യുവാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു.
ഫിസിയോതെറാപ്പി അടക്കമുള്ള വിഭാഗങ്ങളിൽ ചികിത്സ നൽകി കൈകൾ ചലിപ്പിക്കുവാൻ കഴിയുന്ന തരത്തിൽ ആരോഗ്യനില മെച്ചപ്പെട്ടു. എട്ടു മാസം തുടർച്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ചികിത്സയ്ക്കുശേഷം മേയ് 21ന് ഇവരെ ഡിസ്ചാർജ് ചെയ്തു.
എന്നാൽ സ്വന്തമായി വീടോ സ്ഥലമോ ഈ കുടുംബത്തിന് ഇല്ലായിരുന്നു. ഹരിദാസിന്റെ നാട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. മെഡിക്കൽ കോളജിലെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെ കഴിയേണ്ടിവന്നതിനാൽ വാടക വീട് നഷ്ടപ്പെട്ടു.
ഡിസ്ചാർജ് ചെയ്തിട്ടും പോകാൻ ഇടമില്ലാതെ നവജാത ശിശുവുമായി ഗൈനക്കോളജി വരാന്തയിൽ കഴിഞ്ഞു കൂടി. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ഇവരെ സാമൂഹികനീതി വകുപ്പിന്റെ കല്ലറയിലുള്ള മഹിളാമന്ദിരത്തിൽ താമസിപ്പിക്കാൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
ജൂണ് മൂന്നിന് ലിജിയെയും നവജാത ശിശുവിനെയും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ, കല്ലറയിലെ മഹിളാമന്ദിരത്തിലാക്കി. എന്നാൽ അരയ്ക്ക് താഴെ തളർന്നു പോയ ലിജിക്ക് ഒത്തിരി ബുദ്ധിമുട്ടുകളുണ്ടായി. ഇതറിഞ്ഞ ഹരിദാസ് ഭാര്യ ലിജിയെ മഹിളാമന്ദിരത്തിൽ നിന്നു കൂട്ടിക്കൊണ്ടുവന്ന് മെഡിക്കൽ കോളജിന് സമീപത്തെ ഒരു ലോഡ്ജിൽ മുറിയെടുത്തു താമസിപ്പിച്ചു.
രാവിലെ മുതൽ രാത്രി വരെയുള്ള ഭക്ഷണങ്ങൾ നവജീവൻ ട്രസ്റ്റ് അടക്കം ചില സംഘടനകൾ നൽകുന്നതിനാൽ ഭക്ഷണത്തിന് ഇവർ ബുദ്ധിമുട്ട് നേരിട്ടില്ല. എന്നാൽ ലോഡ്ജിൽ ദിവസേന വാടക കൊടുക്കാൻ പ്രയാസമായി.
ഈ വിവരങ്ങൾ അറിഞ്ഞ് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഇവിടെയെത്തി ഇവർക്ക് താമസിക്കാൻ ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകുകയും ഭക്ഷണം പാകം ചെയ്യാൻ പാത്രങ്ങൾ വാങ്ങി നൽകുകയും ചെയ്തു. കൂടാതെ എല്ലാ മാസവും അരിയും പലവ്യഞ്ജനസാധനങ്ങളും എത്തിച്ചു നല്കുമെന്നും പി.യു. തോമസ് പറഞ്ഞു.