ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തി ഒാട്ടോറിക്ഷയിൽ കഴിഞ്ഞുകൂടിയ ദന്പതികൾ ഇനി മുതൽ നവജീവനിൽ.
എറണാകുളം കച്ചേരിപ്പടി വടുതലപ്പറന്പിൽ സണ്ണി (48), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് നവജീവൻ തോമസ് ഏറ്റെടുത്തത്.
ഒരു മാസമായി കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സയിലാണ് ഇരുവരും. തലച്ചോറിന് ഗുരുതര രോഗമുള്ള സ്വപ്നയ്ക്കും ഹൃദയ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുള്ള സണ്ണിയ്ക്കും പല ദിവസങ്ങളിലായി മെഡിക്കൽ കോളജിൽ എത്തണം.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ വാടകയ്ക്ക് കഴിയുകയായിരുന്നു. കോവിഡും രോഗബാധിതരുമായതിനെ തുടർന്ന് വാടക നൽകാൻ കഴിയാതെ വന്നതോടെ മെഡിക്കൽ കോളജിൽ എത്തിയ ശേഷം കോന്പൗണ്ടിൽ ഓട്ടോറിക്ഷയിൽ കഴിഞ്ഞുകൂടുകയായിരുന്നു ഇരുവരും.
ഭൂമി വിറ്റാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയത്. കട ബാധ്യതയായപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തി.
സ്വപ്നയുടെ തലച്ചോറിലെ രോഗത്തിനു ചികിത്സ നടക്കുന്പോഴാണ് കോവിഡ് ബാധിതയാകുന്നത്. കോവിഡ് രോഗ വിമുക്തമായെങ്കിലും ശസ്ത്രക്രിയക്കും മരുന്നിനുമായി മാസം 5000 രൂപ വേണ്ടി വരും.
ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം കഴിഞ്ഞിരുന്നതെങ്കിലും കോവിഡും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് വാടക വീട് വിട്ട് ഓട്ടോറിക്ഷയിൽ അന്തിയുറങ്ങാൻ തുടങ്ങിയത്.
ഒരാൾ ഉറങ്ങുന്പോൾ മറ്റൊരാൾ കാവലിരിക്കും. ഓട്ടോറിക്ഷയിൽ പായ വിരിച്ച് വളഞ്ഞുകൂടി കിടക്കുന്ന വിവരം അറിഞ്ഞ് പി.യു. തോമസ് എത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു. ഇരുവരുടെയും തുടർ സംരക്ഷണവും ചികിത്സാച്ചെലവും അദ്ദേഹം ഏറ്റെടുത്തു.
വിവരം അറിഞ്ഞ് ലീഗൽ മെട്രോളജി സെക്ഷൻ ഒാഫീസർ സി. വിദ്യ, സാമൂഹ്യ സുരക്ഷാ സമിതി ഒബിസി കൗണ്‍സിലർ കെ.എസ്. ശ്രീജേഷ് എന്നിവർ നവജീവനിലെത്തി തുടർ നടപടി സ്വീകരിച്ചു.