കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
അരി പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വില വർധനയിൽ പല ധർമ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കോട്ടയം നവജീവൻ അഗതി സംരക്ഷണത്തിനു പുറമേ, ഏഴു ജില്ലകളിൽനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജില്ലാ ആശുപത്രി, കോട്ടയം ആയൂർവേദ ആശുപത്രി, മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസേന 5,000 ത്തിലധികം പേർക്കു സൗജന്യമായി ഭക്ഷണം നൽകി വരുന്നു.
അരിയുടെയും അവശ്യസാധനങ്ങളുടെയും വിലവർധന രൂക്ഷമായിരിക്കെ, സൗജന്യ ഭക്ഷണവിതരണം നിലച്ചു പോകുമോയെന്ന ആശങ്കയുള്ളതായി നവജീവൻ തോമസ് വ്യക്തമാക്കി.
നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്ന അന്നദാനം ഒട്ടേറെപ്പേർക്ക് ആശ്വാസമാണ്. വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കും ഭാരിച്ച ചെലവുകളാണ് ഇപ്പോൾ ധർമ സ്ഥാപനങ്ങൾ നേരിടുന്നതെന്നും പി.യു. തോമസ് അറിയിച്ചു.