കോട്ടയം: മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരുന്നു വിശ്രമിക്കാം. പോരാത്തതിന് നേരം കളയാൻ ടിവിയും. കുടിക്കാൻ കൂളറിൽ നിന്ന് വെള്ളം കിട്ടും. മൊബൈൽഫോണ്‍ ചാർജ് ചെയ്യാനും സൗകര്യം.
നവജീവൻ ട്രസ്റ്റാണ് ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന്റെ വരാന്തയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്. നേരത്തേ വരാന്തയിലും പുറത്ത് വെയിലും മഴയുമേറ്റ് നിൽക്കാനായിരുന്നു കൂട്ടിരിപ്പുകാരുടെ വിധി.
ഇവരുടെ ദുരവസ്ഥ മനസിലാക്കിയ നവജീവൻ ആണ് ഇരിപ്പിടം ക്രമീകരിച്ച് നല്‍കിയത്. അൻപതോളം പേർക്ക് ഇരിക്കാനുള്ള സീറ്റുണ്ട്. ഭിത്തിയിൽ സ്ഥാപിച്ച ടിവിയിൽ വാർത്തയും സിനിമയുമൊക്കെ കാണാം. കുടിവെള്ളത്തിനായി കൂളറും തൊട്ടടുത്തുണ്ട്.
മൊബൈൽ ഫോണ്‍ ചാർജിംഗ് ആയിരുന്നു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഏറ്റവും വലിയ വെല്ലുവിളി. അതിനും പരിഹാരമായി. അഞ്ചു മൊബൈൽ ഫോണുകൾ ഒരേ സമയം ചാർജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടിവിടെ.