നവകേരള ബസ് ആഡംബരമല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഒരു പാവം ബസാണെന്നും ബസിന്റെ കാര്യത്തിൽ ഒരു സസ്പെൻസുമില്ലെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. ബസിനെ കൊലക്കേസിലെ പ്രതിയെപ്പോലെ ബസിനെ കാണരുതെന്നും അധികമായുള്ളത് ഒരു ശുചിമുറി ആണെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ് ആരംഭിക്കുന്നതിന് മുമ്പ് ആന്റണി രാജു ജില്ലാ പോലീസ് ആസ്ഥാന വളപ്പിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധിച്ചിരുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബസിന്റെ ശുചിമുറിയുടെ ഉദ്ഘാടനം ചെയ്തു.
ബസിൽ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനവുമുണ്ട്. യാത്രക്കാരെ ബട്ടൺ അമർത്തിയാൽ ബസിൽ നിന്ന് താഴെ എത്തിക്കാനും, മുകളിലേക്ക് കയറാനും ഇത് വഴി സാധിക്കും. എന്നാൽ ഒരാൾക്ക് മാത്രമേ ഒരു സമയം ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കാൻ കഴിയൂ.
റിവോൾവിങ് ചെയർ ബസിനുള്ളിൽ ഉണ്ടെന്നും ഇത് ആഡംബരമാകുന്നത് എങ്ങനെയെന്നും ആന്റണി രാജു ചോദിച്ചു. മുഖ്യമന്ത്രിയ്ക്കായ് ഒരുക്കിയ ഈ സീറ്റ് മുന്നോട്ട് നോക്കിയിരിക്കുന്നത് പോലെ പിന്നിലേക്ക് തിരിഞ്ഞ് സംസാരിക്കാൻ കഴിയുന്ന തരത്തിലാണ് തയാറാക്കിയതെന്നും ആന്റണി രാജു പറഞ്ഞു.