തിരുവനന്തപുരം: പ്രതിഛായ മിനുക്കൽ ലക്ഷ്യമിട്ടും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്ന നിലയിലും മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആരംഭിച്ച നവകേരള സദസ് പാതിയിലേറെ ജില്ലകൾ പിന്നിട്ടപ്പോൾ പ്രതിരോധത്തിലായ അവസ്ഥയിലാണ് സർക്കാർ. ഓരോ ദിവസവും പുതിയ വിവാദങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്നു.
മുഖ്യമന്ത്രിയാണ് വിവാദങ്ങളിലെ പ്രധാന കക്ഷിയെന്നത് നവകേരള സദസിന്റെ ശോഭ കെടുത്തുന്നു.
സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിൽ വട്ടംചുറ്റുന്പോൾ കോടികൾ ചെലവിട്ട് ഇങ്ങനെയൊരു യാത്ര നടത്തുന്നതിനെതിരേ പ്രതിപക്ഷം ആദ്യംതന്നെ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസിന്റെ കാര്യത്തിലായിരുന്നു ആദ്യ വിവാദം. ലിഫ്ട്, ടോയ്ലറ്റ് ഉൾപ്പെടെയുള്ള സംവിധാനമുള്ള ആഡംബര ബസിനെതിരേ വലിയ വിമർശനമുയർന്നു.
ചെലവ് ചുരുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര ചെയ്യുന്നതെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദത്തിനെതിരേ കണക്കുകൾ നിരത്തി പ്രതിപക്ഷം രംഗത്തെത്തി. സ്കൂൾ കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനവും നവകേരള സദസിന് സ്കൂൾ ബസ് വിട്ട് കൊടുക്കണമെന്ന നിർദേശവും സ്കൂൾ മതിലുകൾ പൊളിക്കലും കോടതി ഇടപെടലുകളുമെല്ലാം കോണ്ഗ്രസും ബിജെപിയും ആയുധമാക്കി.
വിവാദങ്ങൾക്ക് നവകേരള സദസിൽ മറുപടി പറയേണ്ടി വന്നതോടെ യാത്രയുടെ ലക്ഷ്യങ്ങൾക്കുതന്നെ മാറ്റം വന്നു. യുഡിഎഫിനെയും കേന്ദ്രസർക്കാരിനെയും വിമർശിക്കുന്ന രീതിയിലേക്ക് നവകേരള സദസ് മാറുകയായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിൽനിന്നു നേരിട്ട് പരാതി വാങ്ങാത്തതിനും പൗരപ്രമുഖരോടൊപ്പമുള്ള കൂടിക്കാഴ്ചകൾക്കുമെതിരേ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് ഘടകക്ഷി നേതാക്കൾക്കുൾപ്പെടെ വ്യക്തമായ മറുപടി പറയാൻ സാധിച്ചില്ല.
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെ ജീവൻരക്ഷാപ്രവർത്തനമെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
മാതൃകപരമായ നടപടിയാണിതെന്നും വീണ്ടും തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തതു പൊതുജനത്തിനിടയിൽ അവമതിപ്പുണ്ടാക്കി. നവകേരള സദസുകളിൽ കരിങ്കൊടി പ്രതിഷേധം വ്യാപകമാകാനും ഇതിടയാക്കി.
മട്ടന്നൂര് മണ്ഡലത്തിലെ നവകേരള സദസിൽ സ്ഥലം എംഎൽഎയായ കെ.കെ. ശൈലജയെ മുഖ്യമന്ത്രി വിമർശിച്ചതു പാർട്ടി പ്രവർത്തകർക്കിടയിൽതന്നെ പ്രതിഷേധമുണ്ടാക്കി.
റബർ കർഷകരുടെ വിഷയങ്ങളും പാലായിലെ സ്റ്റേഡിയത്തിന്റെ കാര്യവും കോട്ടയത്തെ നവകേരള സദസിൽ ഉന്നയിച്ച കേരള കോണ്ഗ്രസ്-എം നേതാവും എംപിയുമായ തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി വിമർശിച്ചതു പ്രതിപക്ഷത്തിനു കിട്ടിയ വലിയ ആയുധമായി. പരാതി സ്വീകരിക്കൽ അല്ല പ്രധാന കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശം സദസിനേറ്റ കനത്ത തിരിച്ചടിയായി.
ശബരിമലയിലെഭക്തജനതിരക്കും ഭക്തരുടെ ദുരിതവും പരിഹരിക്കാൻ ആവശ്യമായപോലീസ് ഇല്ലാത്തതിന്റെ കാരണം നവകേരള സദസാണെന്ന് പ്രതിപക്ഷവിമർശനം ഏറെ ചർച്ച ചെയ്യപ്പെട്ടു.
ശബരിമല ഡ്യൂട്ടിക്ക്നിയോഗിച്ചിരിക്കുന്നതിനെക്കാൽ കുടുതൽ പോലീസിനെ നവകേരളസദസിന് നിയോഗിച്ചെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കരിങ്കാെടി കാട്ടിയതിനു പിന്നാലെ ആലപ്പുഴയിൽ ഇന്നലെ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടാക്രമിച്ചതാണ് ഒടുവിലത്തെ വിവാദം.
നവകേരള സദസിൽ രണ്ട് മന്ത്രിമാർ മാത്രമാണ് സംസാരിക്കുന്നതെന്നും മറ്റ് മന്ത്രിമാർ കാഴ്ചക്കാരായി ഒപ്പം കൂടുന്നത് കാരണം സംസ്ഥാനത്ത് ഭരണം സ്തംഭിച്ചെന്നും വിമർശനമുണ്ട്.
സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിയും പെൻഷൻ മുടങ്ങലുമെല്ലാം പ്രതിപക്ഷം ആയുധമാക്കിയതോടെ നവകേരള സദസ് സർക്കാരിന്റെപ്രതിരോധയാത്രയായി മാറിയെന്നാണ് രാഷ്ട്രീയനിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
എം. സുരേഷ്ബാബു