ചാത്തന്നൂർ: നവകേരളയാത്രയ്ക്ക് മന്ത്രിസഭ ഉപയോഗിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസ് ഗരുഡപ്രീമിയം സർവീസായി കോഴിക്കോട് – ബംഗളൂരു റൂട്ടിൽ യാത്ര തുടങ്ങും. അഞ്ചു മുതലാണ് സർവീസ്.
ആധുനിക രീതിയിലുള്ള എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയാറാക്കിയ യാത്രക്കാർക്കുതന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പുലർച്ചെ നാലിനു കോഴിക്കോട്ടുനിന്നു യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബംഗളൂരുവിൽ എത്തിച്ചേരുകയും ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബംഗളൂരു (സാറ്റലെെറ്റ്, ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ.സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ലക്ഷ്വറി ടാക്സും നൽകണം.
ഇന്നു വൈകുന്നേരം 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സർവീസായി പോകും. ഈ ട്രിപ്പിൽ ടിക്കറ്റ് എടുത്ത് പരമാവധി ആളുകൾക്ക് യാത്ര ചെയ്യാവുന്നതുമാണ്.
പ്രദീപ് ചാത്തന്നൂർ