കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനു തുടക്കമായി. നവ കേരള സദസിന്റെ വേദിക്ക് മുന്നിലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കിടപ്പാടത്തിനുവേണ്ടിയാണ് ഇവർ സമരം ചെയ്യുന്നത്. സ്ത്രീകളെയും വൃദ്ധരെയുമുൾപ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
വർഷങ്ങളായി ഇവർ കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്യുകയാണ്. ദരിദ്രരായ ആളുകളുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തിനടപടികളിൽ നിന്ന് ഇവരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവരുടെ സമരം.
മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ സമരം അവസാനിപ്പിക്കുന്നതിനു സമരക്കാർ തയ്യാറായില്ല, തുടർന്നാണ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
വഴിയിലുടനീളം പ്രതിഷേധങ്ങള്ക്ക് സാധ്യതയുള്ളതുകൊണ്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമര വേദിക്ക് മുൻപിലൂടെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് കടന്നു പോകുന്നത്. അതിനാലാണ് സമരക്കാരെ ഒഴിപ്പിക്കുന്നതെന്നാണ് പോലീസ് വാദം.
പുതുവര്ഷത്തില് നവ കേരള സദസ് കൊച്ചിയിലേക്ക് എത്തുമ്പോള് സഞ്ചരിക്കുന്ന കാബിനറ്റില് ആന്റണി രാജുവും അഹമ്മദ് ദേവര് കോവിലും ഉണ്ടായിരുന്നില്ല. സ്ഥാനമൊഴിഞ്ഞ ഇവര്ക്ക് പകരം മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഉള്ളത്. ആദ്യം സദസ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകഴിഞ്ഞ് മൂന്നിന് സംസാരിക്കും. തുടർന്ന് വൈകുന്നേരം അഞ്ചിന് പിറവം മണ്ഡലത്തിലെ സദസ് നടക്കും.