കണ്ണൂർ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ പുനരുദ്ധാരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകൾ കുടുംബശ്രീ മുഖേന വിറ്റഴിക്കാൻ ലക്ഷ്യം. ഭാഗ്യക്കുറി വകുപ്പിന്റെ നിലവിലുള്ള വില്പന രീതികളിൽനിന്ന് വ്യത്യസ്തമായി വിവിധ സംഘടനകൾക്കും സംഘങ്ങൾക്കും വ്യക്തികൾക്കും സൗജന്യമായി താത്കാലിക ഏജൻസി നൽകി പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുന്നതിനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസുകൾക്ക് താത്കാലിക ഏജൻസികൾ നൽകുന്നത്.
ഓരോ സിഡിഎസും അംഗങ്ങളെ കണ്ടെത്തി കുറഞ്ഞത് 500 ടിക്കറ്റെങ്കിലും വിൽക്കണമെന്നാണ് കുടുംബശ്രീ മിഷന്റെ നിർദേശം. ഭാഗ്യപരീക്ഷണത്തിന് ഊന്നൽ നൽകാതെ നവകേരള സൃഷ്ടിക്കുള്ള നിക്ഷേപമെന്ന നിലയ്ക്കാണ് നവകേരള ഭാഗ്യക്കുറി ആരംഭിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 5,000 രൂപയുടെ 1,00,800 സമ്മാനങ്ങളുമാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് വില. 10 ടിക്കറ്റുകൾ അടങ്ങിയ ഒരു ബുക്ക് 1943 രൂപയ്ക്കാണ് ഏജന്റുമാർക്ക് ലഭിക്കുക.
ഒരു ബുക്കിലെ ടിക്കറ്റ് വിൽക്കുന്പോൾ ഏജന്റുമാർക്ക് 557 രൂപയാണ് കമ്മീഷൻ. സമ്മാനത്തുകയുടെ 10 ശതമാനം ഏജൻസി പ്രൈസായും ലഭിക്കും. വിൽക്കാത്ത ടിക്കറ്റുകൾ തിരിച്ചെടുക്കില്ല.സിഡിഎസ് ചെയർപേഴ്സണോ വൈസ് ചെയർപേഴ്സണോ ഐഡി കാർഡ് സഹിതം ജില്ലാ ലോട്ടറി ഓഫീസിനെയോ സബ് ഓഫീസിനെയോ സമീപിച്ച് താത്കാലിക ഏജൻസിയെടുക്കാം. ഇതിന് പ്രത്യേക ഫീസില്ല.
ഏജൻസി നന്പർ ഉൾപ്പെടുന്ന ഒരു കാർഡ് സിഡിഎസിന് നൽകും. ലോട്ടറി വിതരണത്തിന് തീരുമാനിച്ചിട്ടുള്ള അംഗങ്ങൾ സിഡിഎസിന്റെ കത്ത് സഹിതം ജില്ലാ ലോട്ടറി ഓഫീസിനെ സമീപിച്ച് ആവശ്യമായ തുകയടച്ച് ടിക്കറ്റുകൾ കൈപ്പറ്റാം. കത്തിൽ കാഷ്വൽ ഏജൻസി നന്പർ നിർബന്ധമായും രേഖപ്പെടുത്തണം. ടിക്കറ്റുകൾ വാങ്ങുന്നതിന് ആവശ്യമായ തുക അയൽക്കൂട്ടങ്ങളിൽനിന്ന് വായ്പയായി അംഗങ്ങൾക്ക് ലഭ്യമാക്കാം.
ലോട്ടറി വിതരണത്തിന് തെരഞ്ഞെടുത്തിട്ടുള്ള അംഗങ്ങളുടെ പേരുവിവരങ്ങൾ, കൈപ്പറ്റിയ ലോട്ടറി ടിക്കറ്റുകളുടെ എണ്ണം, നന്പർ, വിറ്റ ടിക്കറ്റുകളുടെ എണ്ണം, തീയതി എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.ഏജൻസി പ്രൈസ് സിഡിഎസിന്റെ അക്കൗണ്ടിലാണ് ലഭ്യമാക്കുക. അതിനാൽ പ്രൈസ് മണി ലഭ്യമാകുന്ന സിഡിഎസുകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഭാഗ്യക്കുറി ഓഫീസിൽ അറിയിക്കണം.
ഏജൻസി പ്രൈസിന്റെ 10 ശതമാനം സിഡിഎസിന്റെ തനത് ഫണ്ടിലേക്ക് കമ്മീഷനായി എടുക്കാം. ബാക്കി 90 ശതമാനം സമ്മാനാർഹമായ ടിക്കറ്റ് വിറ്റയാൾക്കാണ്. നറുക്കെടുപ്പ് നടക്കുന്ന ഒക്ടോബർ മൂന്നുവരെ മാത്രമേ ഏജൻസി പ്രാബല്യത്തിലുണ്ടാകുകയുള്ളൂ. സിഡിഎസുകളെ കൂടാതെ കുടുംബശ്രീ അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് സൊസൈറ്റി (കാസ്), മൈക്രോ എന്റർപ്രണർഷിപ്പ് കൺസൾട്ടന്റ് (എംഇസി), ട്രെയിനിംഗ് ഗ്രൂപ്പ് തുടങ്ങിയവയ്ക്കും ഏജൻസിയെടുക്കാം.
ലോട്ടറി വില്പന സംബന്ധിച്ച പരിശീലനം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത അംഗങ്ങൾക്കാണ് പരിശീലനം നൽകിയിട്ടുള്ളത്. ഇവരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സിഡിഎസ് ചെയർപേഴ്സൺമാർക്കും പരിശീലനം നൽകി.