കൊല്ലം :സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോട്ടറി വകുപ്പ് ആവിഷ്കരിച്ച നവകേരള ഭാഗ്യക്കുറിയുടെ രണ്ടു ലക്ഷം ടിക്കറ്റുകള്‍ കൊല്ലം ജില്ലയില്‍ കുടുംബശ്രീ മിഷന് വിറ്റഴിക്കും. ജില്ലയിലെ 3,22,000 വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരും ലോട്ടറി വില്‍പ്പനയില്‍ പങ്കാളികളാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് പറഞ്ഞു.
ജില്ലയില്‍ ആകെ 1419 കുടുംബശ്രീ എ.ഡി.എസുകളാണുള്ളത്. ഒരു എ.ഡി.എസ് കുറഞ്ഞത് 150 ടിക്കറ്റുകളുടെ വില്‍പ്പന നടത്തും. വീടുകളില്‍ നേരിട്ടെത്തിയാണ് വില്‍ക്കുന്നത്. 250 രൂപയാണ് ഭാഗ്യക്കുറിയുടെ വില. നിലവിലുള്ള ഭാഗ്യക്കുറി ഏജന്റുമാര്‍ക്കു പുറമെ രാഷ്ട്രീയ-സാംസ്കാരിക-സന്നദ്ധ സംഘടനകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ സംഘങ്ങള്‍ എന്നിവയ്ക്കും വ്യക്തികള്‍ക്കും നവകേരള ഭാഗ്യക്കുറി വില്‍പ്പനക്കായി താത്കാലിക ഏജന്‍സികള്‍ സൗജന്യമായി അനുവദിക്കുന്നുണ്ട്.
ഒക്ടോബര്‍ മൂന്നിന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും രണ്ടാം സമ്മാനം 5000 രൂപ വീതം 100800 പേര്‍ക്കുമാണ് നല്‍കുക.