തിരുവനന്തപുരം: മാലിന്യനിർമാർജനവും രോഗ നിവാരണവും ലക്ഷ്യമാക്കി എട്ടു വർഷം മുമ്പ് രൂപീകരിച്ച ഹരിത കേരളം, ശുചിത്വ കേരളം, ആർദ്രം എന്നീ നവകേരളം മിഷനുകളെ സർക്കാർ കുഴിച്ചുമൂടിയതായി മിഷനുകളുടെ കോർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പ്.
ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതി സർക്കാർ അനാസ്ഥ മൂലം തകർന്നു. വീടുകളിലെ ഖര -ജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കൂടുകളിലാക്കി റോഡുകളിലും തോടുകളിലും വലിച്ചെറിയുന്ന സമ്പ്രദായം വീണ്ടും വ്യാപകമായി.
അഞ്ചു വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നഗരങ്ങൾക്കായി ആവിഷ്ക്കരിച്ച മാലിന്യനിർമ്മാർജ്ജന പ്ലാന്റുകൾ ഒരിടത്തും നടപ്പാക്കിയിട്ടില്ല.
രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി രൂപീകരിച്ച ജനകീയ പദ്ധതിയായ ആർദ്രം മിഷൻ വെന്റിലേറ്ററിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുബാരോഗ്യ കേന്ദ്രങ്ങളും മിക്കയിടത്തും പ്രവർത്തനക്ഷമമല്ല. ആരോഗ്യ വകുപ്പ് ഇത്രയും കുത്തഴിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ല.
കേരളത്തിലിപ്പോൾ ആമയിഴഞ്ചാൻ ഭരണമാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ റോഡുകളും ജലവാഹിനികളും മാലിന്യ കുമ്പാരത്താൽ ആമയിഴഞ്ചാൻ തോടുകളായി മാറിയിരിക്കുകയാണ്.