കൊച്ചി: നവകേരള സദസിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ ആക്രമിച്ച സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്ശത്തില് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ്.
എറണാകുളം സിജെഎം കോടതിയില് പോലീസ് നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില് മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താന് എറണാകുളം സെന്ട്രല് പോലീസിന് കോടതി നേരത്തെ നിർദേശം നല്കിയിരുന്നു.
അന്വേഷണത്തില് ഐപിസി 109 (പ്രേരണ) പ്രകാരമുള്ള കുറ്റത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്ട്ടില് പറയുന്നു. സംഭവത്തില് കൂടുതല് അന്വേഷണം നടത്താനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.
കഴിഞ്ഞ വര്ഷം നവംബറില് നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ ഡിവൈഎഫ്ഐ പ്രവര്ത്തകര് മര്ദിച്ചിരുന്നു. യൂ
ത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ ജീവന് രക്ഷിക്കാനാണു ഡിവൈഎഫ്ഐ ശ്രമിക്കുന്നതെന്നായിരുന്നു ഈ സംഭവത്തില് മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായിയുടെ പരാമര്ശം ക്രിമിനല് പ്രവര്ത്തനങ്ങള്ക്കു പ്രേരിപ്പിക്കുന്നതാണെന്നും അതിനാല് കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടി ഷിയാസ് കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഷിയാസിന്റെയും രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതായി പോലീസ് റിപ്പോര്ട്ടില് വ്യക്തമാക്കി.
എന്നാല് ഷിയാസോ മറ്റ് ആളുകളോ സംഭവത്തിനു ദൃക്സാക്ഷികളല്ലെന്നാണ് ഇതില് പറഞ്ഞിട്ടുള്ളത്. മാധ്യമവാര്ത്തകളുടെ അടിസ്ഥാനത്തിലാണ് ഷിയാസ് പരാതി നല്കിയതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്.