തിരുവനന്തപുരം: നവകേരള സദസിന് നാളെ തുടക്കം. ഇനിയുള്ള ഒരുമാസത്തോളം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആകും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം. നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളുമെല്ലാം ബസിൽ സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മന്ത്രിസഭ നേരിട്ടെത്തി പരാതികൾ കേൾക്കുന്ന നവകേരള സദസിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർഗോഡ് എത്തും. നാളെ രാവിലെ മുഖ്യമന്ത്രി കാസർഗോഡ് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടക്കത്തിൽ ചുരുക്കം ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകു.
ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണു മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും.
പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ് ഉദ്ഘാടന സദസ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രി അവിടെ തങ്ങിയ ശേഷം രാവിലെ കാസർഗോഡ് എത്തിച്ചേരും.
മറ്റ് മന്ത്രിമാരും പുലർച്ചയോടെ കാസർഗോഡ് എത്തിച്ചേരും. 22 ന് തലശേരിയിൽ വെച്ചാണ് നവകേരള സദസിന് ഇടയിലുളള ആദ്യ മന്ത്രിസഭാ യോഗം. ഞായറാഴ്ച കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമാണ്. നാളെയും ഞായറാഴ്ചയുമായാണ് കാസർഗോഡ് ജില്ലയിലെ നവകേരള സദസ്.
നവകേരള സദസിൽ നിന്ന് ലഭിക്കുന്ന പരാതികളിലും നിവേദനങ്ങളിലും മറ്റും അവിടെ വച്ച് തീരുമാനം ഉണ്ടാകില്ല. ജില്ലകളിൽ കളക്ടറുടെ മേൽനോട്ടത്തിൽ അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരാതികൾക്ക് തീർപ്പുണ്ടാക്കും. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വകുപ്പ് സെക്രട്ടറിമാർ തീർപ്പാക്കും.
പരാതികളിലും മറ്റും അതാത് വേദിയിൽ മറുപടി പറയാൻ മന്ത്രിമാരെ സഹായിക്കാനും ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും സംസ്ഥാന തലത്തിൽ സെല്ലുകളും ഉണ്ട്. 37 ദിവസങ്ങൾക്ക് ശേഷം സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തും.
അതേസമയം നവകേരള സദസിനെ ബഹിഷ്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം, പ്രതിസന്ധി കാലത്തെ പരിപാടി ധൂർത്താണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാർ ചെലവിൽ പാര്‍ട്ടി പ്രചാരണം നടത്തുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.