കോട്ടയം: നവകേരള സദസ് ജില്ല പിന്നിട്ടു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനോ പരാതികള്‍ പരിഹരിക്കാനോ സാധിച്ചില്ല. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിലുടനീളം പോലീസ് ബന്ധവസില്‍ നടന്ന സദസ് കോട്ടയം ജില്ല പിന്നിട്ടപ്പോള്‍ യാത്രയുടെ ലക്ഷ്യമെന്തെന്നുള്ള ചോദ്യം മാത്രം ബാക്കി. നിരവധി പരാതികള്‍ പൊതുജനം നല്‍കിയെങ്കിലും ഇവയൊന്നും പരിഹരിക്കാന്‍ മന്ത്രി പടയ്ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആയില്ല.
അരലക്ഷത്തിനടുത്തു പരാതികളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്നു ലഭിച്ചത്. ഇവയിലൊന്നുപോലും കൃത്യമായി പരിഹരിക്കാതെ മന്ത്രിപ്പട ജില്ലവിട്ടതിൽ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ സദസ് മുണ്ടക്കയത്ത് ചൊവ്വാഴ്ച തുടക്കം കുറിച്ചതാണ്. അന്ന് പൂഞ്ഞാറിനെ കൂടാതെ പൊന്‍കുന്നത്തും പാലായിലും നടന്നിരുന്നു.
ബുധനാഴ്ച ആദ്യം ഏറ്റുമാനൂരിലും തുടര്‍ന്ന് പാമ്പാടിയിലും ചങ്ങനാശേരിയിലും കോട്ടയത്തും നടത്തി. ഇന്നലെ കുറവിലങ്ങാട്ടും തുടര്‍ന്നു വൈക്കത്തും സദസ് നടന്നു. ശേഷം മുഖ്യമന്ത്രിയും സംഘവും ആലപ്പുഴ ജില്ലയിലേക്ക് യാത്ര തിരിച്ചു.
വൈക്കത്ത് ലഭിച്ചത് 7,667 നിവേദനങ്ങളാണ്. കടുത്തുരുത്തിയില്‍ 3,856, കോട്ടയത്ത് 4,512, ചങ്ങനാശേരിയില്‍ 4,656, പുതുപ്പള്ളിയില്‍ 4,313, ഏറ്റുമാനൂര്‍ 4,797, കാഞ്ഞിരപ്പള്ളിയില്‍ 4,392, പാലായില്‍ 3,668, പൂഞ്ഞാര്‍ 4,794 നിവേദനങ്ങളും ലഭിച്ചു. ഇതിലൊന്നു പോലും പരിഹരിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രി രണ്ട് പ്രഭാതവിരുന്നും രണ്ട് പത്രസമ്മേളനങ്ങളും ജില്ലയില്‍ നടത്തി.