നെയ്യാറ്റിന്‍കര : നവകേരള സദസില്‍ നല്കിയ നിവേദനത്തിന്റെ മറുപടി കാത്തിരിക്കുകയാണ് കേരളം മുഴുവന്‍ ഓടി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് പുസ്തകത്തിലിടം നേടിയ ധനുവച്ചപുരം സ്വദേശി എസ്. ബാഹുലേയന്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള ആറ്റിങ്ങല്‍ സ്റ്റേഡിയത്തില്‍ താത്കാലിക ജീവനക്കാരനായ ബാഹുലേയന് ജോലി സ്ഥിരപ്പെടുത്തണേ എന്ന അപേക്ഷയുമായാണ് ജീവിതപ്രയാണം തുടരുന്നത്.
വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ദീര്‍ഘദൂര ഓട്ടക്കാരനായ ബാഹുലേയന് കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലെ താത്കാലിക ജീവനക്കാരനാണ്.
കൊല്ലം ആശ്രമം മൈതാനത്തിലെ ഹോക്കി സ്റ്റേഡിയത്തിലായിരുന്നു ആദ്യ നിയമനം. ഈയടുത്ത കാലത്ത് ന്യൂമോണിയയും പിന്നീട് ഹൃദയസംബന്ധമായ രോഗങ്ങളും ബാധിച്ച് ആശുപത്രിയിലായി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് കൊല്ലത്തു നിന്നും ആറ്റിങ്ങലിലേയ്ക്ക് ബാഹുലേയനെ നിയമിച്ചു.
നേരത്തെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ബാഹുലേയന് സ്പോര്‍ട്സ് കൗണ്‍സിലില്‍ താത്കാലിക ജീവനക്കാരനായി നിയമിച്ചത്.
സര്‍വീസ് പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥിരനിയമനം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്കി. പത്തു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജോലി സ്ഥിരപ്പെടുമെന്ന പ്രത്യാശയിലാണ് ഈ കായികതാരം.