മാനന്തവാടി: നവകേരള സദസിന് ആശംസ അറിയിച്ച് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത് കോണ്‍ഗ്രസിൽ വിവാദമായി.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്. കെപിസിസി സർക്കുലർ അവഗണിച്ചാണ് ബാങ്ക് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ബാങ്കിന് മുന്നിലും ഗാന്ധി പാർക്കിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദമായതോടെ ഭരണസമിതിയിലെ ഡയറക്ടർമാരിൽ പലരും കൈകഴുകി.
തങ്ങൾ അറിയാതെ പ്രസിഡന്റും ജീവനക്കാരും ചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. അതേസമയം, സഹകരണ വകുപ്പിന്റെ നിർദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രസിഡന്റിന്റെ ന്യായീകരണം.
വിഷയം കോണ്‍ഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയാണ്.