കാസര്ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് കാസര്ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില് ഇന്നു തുടക്കമാവും.
ഉച്ചകഴിഞ്ഞ് 3.30ന് പൈവളിഗെ ജിഎച്ച്എസ്എസില് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിക്കും. റവന്യുമന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി അടക്കമുള്ളവര്ക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം രൂപകല്പ്പന ചെയ്ത ആഡംബര ബസ് കര്ണാടക മാണ്ഡ്യയില്നിന്ന് ഇന്നു പുലര്ച്ചെ 4.30ഓടെ കാസര്ഗോട്ട് എത്തി.
കാസര്ഗോഡ് എആര് ക്യാമ്പിലാണ് ബസുള്ളത്. ഉച്ചയ്ക്കു രണ്ടോടെ ബസ് കാസര്ഗോഡ് ഗസ്റ്റ് ഹൗസിലത്തിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുമായി പരിപാടി നടക്കുന്ന 30 കിലോമീറ്റര് അകലെയുള്ള പൈവെളിഗെയിലേക്ക് പുറപ്പെടും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നലെയും ഇന്നു പുലര്ച്ചെയുമായി കാസര്ഗോട്ട് എത്തിക്കഴിഞ്ഞു.
ഇവര്ക്ക് കാസര്ഗോട്ടെ ഗസ്റ്റ് ഹൗസുകളിലും നാലു ഹോട്ടലുകളിലുമായി താമസസൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉച്ചയ്ക്ക് മുമ്പായി എത്തിച്ചേരും. പരിപാടിയുടെ സുരക്ഷക്കായി 600ലേറെ പോലീസുകാരെയാണ് കാസര്ഗോഡ് വിന്യസിച്ചിരിക്കുന്നത്.
1.5 കോടി ചെലവില് ചോക്ലേറ്റ് ബ്രൗണ് നിറത്തിലുള്ള ബസ് എല്ലാവിധ ആധുനികസൗകര്യങ്ങളോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്. ബസിലേക്ക് കയറാന് ലിഫ്റ്റ് സൗകര്യം, മുഖ്യമന്ത്രിക്ക് ഇരിക്കാന് ചൈനയില്നിന്നും ഇറക്കുമതി ചെയ്ത റിവോള്വിംഗ് ചെയര്, ടോയ്ലറ്റ്, മൈക്രോവേവ് അവന് തുടങ്ങിയവയെല്ലാം ബസിന്റെ പ്രത്യേകതകളാണ്.
പരിപാടി തുടങ്ങുന്നതിന് രണ്ടുമണിക്കൂര് മുമ്പു മുതല് പൊതുജനങ്ങള്ക്ക് പരാതി നല്കാം. പൈവെളിഗെ സ്കൂളില് ഇതിനായി ഏഴു കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
എന്നാല് പരാതികള് മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്ക്കോ നേരിട്ട് നല്കാന് അവസരമില്ല. ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോഴും പരാതി സ്വീകരിക്കില്ല. സ്ത്രീകള്, ഭിന്നശേഷിക്കാര്, മുതിര്ന്ന പൗരന്മാര് എന്നിവര്ക്ക് പ്രത്യേക കൗണ്ടര് സൗകര്യം ഏര്പ്പെടുത്തും. ചടങ്ങിനുശേഷം മുഴുവന് പരാതികളും സ്വീകരിച്ചതിനുശേഷം കൗണ്ടര് അവസാനിപ്പിക്കും.
ഉച്ചയ്ക്ക് 1.30 മുതല് മഞ്ചേശ്വരത്തെ കലാകാരന്മാര് അവതരിപ്പിക്കുന്ന സംഗീത സദസും ഗ്രൂപ്പ് ഡാന്സും അരങ്ങേറും. തുടര്ന്ന് നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. വൈകുന്നേരം അഞ്ചിന് ഭരതനാട്യവും 5.45ന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്പാട്ട് പരിപാടിയും നടക്കും.്