തൊടുപുഴ: നവകേരള സദസിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസയാത്ര കഴിഞ്ഞ് നാട്ടുകാർക്ക് ഒരു വാഗ്ദാനം പോലും നൽകാതെ മടങ്ങിയത് ഖേദകരമാണെന്ന് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മറ്റും ജില്ലയിലെത്തിയപ്പോൾ ജനങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു.
ജില്ലയുടെ സമഗ്ര വികസനത്തിനായി ഏതാനും പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ജില്ലയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്നിനു പോലും പരിഹാരം നിർദ്ദേശിച്ചില്ല.
ജില്ലയിലെ ജനപ്രതിനിധികൾക്കുപോലും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നിവേദനം നൽകാനോ ആവശ്യങ്ങൾ ഉന്നയിക്കാനോ അനുമതിയുണ്ടായില്ല.
കേന്ദ്ര വിരുദ്ധതയും പ്രതിപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ഇവർ സമയം ചെലവഴിച്ചത്.
നവകേരള സദസിനിടയിൽ മാധ്യമപ്രവർത്തകനായ എയ്ഞ്ചൽ അടിമാലിയെ കൈയേറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു.