വടകര: ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാതെയും വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയും ജീവിക്കാന്‍ ഗതിയില്ലാതെ സാധാരണക്കാരന് നട്ടംതിരിയുമ്പോള്‍ ധൂര്ത്തുയാത്ര നടത്തി ജനങ്ങളെ പരിഹസിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.കെ.രമ എംഎല്‍എ.
സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക, മുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ ലഭ്യമാക്കുക, ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷന് വടകര സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ മുടക്കി ആഘോഷം നടത്തുകയാണ് സിപിഎം.
അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും പണക്കാരും കച്ചവടക്കാരും വിദേശ വ്യവസായികളും ഇതര സാമുദായിക ശക്തികളുമെല്ലാമടങ്ങുന്ന പൗരപ്രമുഖര്‍ എന്ന പുതിയ വര്‍ഗത്തെ സൃഷിടിക്കുകയും അവരുടെ പണത്തിന്റെ തണലില്‍ വിഹരിക്കുകയുമാണ് സിപിഎമ്മും സര്‍ക്കാരുമെന്നു രമ കുറ്റപ്പെടുത്തി.
ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനാണത്രെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ചേര്‍ന്ന് കേരളത്തിലെ മണ്ഡലങ്ങള്‍ മുഴവന്‍ സഞ്ചരിക്കുന്നത്.
കഴിഞ്ഞ ആറുമാസം മുന്‍പ് തീര സദസ്സ് എന്നപേരിലും, കരുതലും കൈത്താങ്ങും എന്നപേരിലുമൊക്കെ ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ നടത്തിയ വിവിധ അദാലത്തുകളില്‍ വന്ന പരാതികളില്‍ ഏതെല്ലാം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞെന്നു സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണം. എന്നിട്ടാവാം പുതിയ ഇത്തരം നാടകങ്ങളെന്നും അവര്‍ പറഞ്ഞു.
ജീവിത ദുരിതം കൊണ്ട് ഓരോ മനുഷ്യരും സ്വയം പ്രതിപക്ഷമായിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും കെ.കെ.രമ കൂട്ടിചേര്‍ത്തു.മഹിളാഫെഡറേഷന്‍ ഏരിയ പ്രസിഡന്റ് ഗീതാമോഹന് അധ്യക്ഷത വഹിച്ചു.