കോട്ടയം: വിറ്റ നെല്ലിന് കാശുകിട്ടാതെ നെട്ടോട്ടമോടുന്ന നെല്കര്ഷകരോട് മുഖ്യമന്ത്രിക്കു നിവേദനം നല്കാന് ഇടതു കര്ഷക സംഘടനാ നേതാക്കളുടെ നിര്ദേശം. കഴിഞ്ഞ വര്ഷവും ഇക്കൊല്ലവും വിറ്റ നെല്ലിന് പണം കിട്ടാതെ നെട്ടോട്ടമോടുന്ന കര്ഷകരോടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിലേക്ക് നിവേദനം നിര്ദേശിച്ചിരിക്കുന്നത്.
സര്ക്കാര് കൃത്യമായി സപ്ലൈകോയ്ക്ക് ഫണ്ട് അനുവദിക്കാത്തതല്ലേ പണം വൈകാന് കാരണമെന്ന കര്ഷകരുടെ മുറവിളി കേള്ക്കാതെ നിവേദനം നല്കാനാണ് നിര്ദേശം.
നവകേരള സദസിലേക്ക് പലതലങ്ങളിലുള്ള പരമാവധി അപേക്ഷകള് ശേഖരിക്കുന്ന തിരക്കിലാണ് പാര്ട്ടി പ്രവര്ത്തകരും ഉദ്യോഗസ്ഥരും.
ജനങ്ങള് കാലങ്ങളായി ആവശ്യപ്പെട്ടിട്ടും പരാതിയുണ്ടാകാത്ത ആവലാതികള്ക്ക് നിവേദനം നല്കിയിട്ട് എന്തു കാര്യം എന്നതാണ് പരക്കെയുള്ള ചോദ്യം. തദ്ദേശസ്ഥാപനങ്ങള്ക്ക് ഫണ്ട് മുടങ്ങിയിരിക്കുന്നു. ക്ഷേമ പെന്ഷനുകള് മാസങ്ങളോളം മുടങ്ങുന്നു.
റബര്വില സബ്സിഡി മുടക്കം, റേഷന്കടകളിലെ സെര്വര് തകരാര്, കാര്ഷിക വിലയിടിവ്, വന്യമൃഗശല്യം, കൃഷിനാശം, റോഡ് തകര്ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം നിവേദനങ്ങള് ശേഖരിച്ചുവരികയാണ്. റബര്, നെല്ല് കര്ഷകര് ഏറ്റുമധികം തകര്ച്ചയെ നേരിടുന്ന ജില്ലയിലേക്കാണ് നവകേരള സദവ് 13ന് കടന്നുവരുന്നത്.
മൂന്നു തലമുറകളായി താമസിക്കുന്ന പുരയിടത്തിനും കൃഷിയിടത്തിനും പട്ടയം ലഭിക്കാത്തവരും വന്യമൃഗശല്യംമൂലം കൃഷിനാശം പതിവായവരും പ്രകൃതിക്ഷോഭത്തില് വിളനഷ്ടം സംഭവിച്ചവരുമൊക്കെയാണ് നിവേദകര്.
സാമ്പത്തിക പ്രതിസന്ധിയില് ഉഴലുന്ന സര്ക്കാരിന് ഈ നിവേദനങ്ങളില് എന്തു പരിഹാരം എത്തിക്കാനാകും എന്നതാണ് ഏവരുടെയും ആശങ്ക. ഓരോ പ്രദേശങ്ങളില്നിന്നും പരമാവധി പേരോട് മന്ത്രിസദസില് പങ്കാളികളാകണമെന്നും പാര്ട്ടി തലത്തില് നിര്ദേശമുണ്ട്.