കോഴിക്കോട്: നവകേരള സദസ് മലബാറിലെ പര്യടനം എതാണ്ട് പൂര്‍ത്തിയാക്കാനിരിക്കേ ആശയക്കുഴപ്പം യുഡിഎഫില്‍. നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി നേതാക്കളില്‍ ഒരു വിഭാഗം സദസില്‍ പങ്കെടുക്കുന്നതാണ് നേതൃത്വത്തിന് തിരിച്ചടിയാകുന്നത്.
യാത്ര ആരംഭിച്ച കാസര്‍ഗോഡ് മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന മലപ്പുറം വരെ നേതാക്കള്‍ക്കെതിരേ നടപടിയും സസ്പെന്‍ഷനുമൊക്കെയായി കോണ്‍ഗ്രസിനും ലീഗിനും മുന്നോട്ടുപോകേണ്ടിവന്നു.
അതേസമയം നിര്‍ദേശം ലംഘിച്ച് സദസിനെത്തുന്ന നേതാക്കളെ ‘നല്ല രീതിയില്‍’ തന്നെ സ്വീകരിച്ച് ഇടതുമുന്നണിനേതാക്കള് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ശക്തമായ മറുപടിയാണ് നല്കിക്കൊണ്ടിരിക്കുന്നത്.
കൊടുവള്ളിയിലെ നവകേരള സദസില്‍ പങ്കെടുത്ത ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ. ഹുസൈന്, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് മുസ് ലീം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.
അന്വേഷണവിധേയമായാണ് സസ്പെന്‍ഷനെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു. 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പേര്‍ക്കും വിശദീകരണനോട്ടീസ് നല്‍കിയിരുന്നു.
യുഡിഎഫിന്റെ ബഹിഷ്കരണാഹ്വാനം നിലനില്‍ക്കെയാണ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായുള്ള പ്രഭാതയോഗത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തത്.
നവകേരള സദസില്‍ പങ്കെടുത്ത പെരുവയലിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. അബൂബക്കറിനെ കോണ്‍ഗ്രസ് നേതൃത്വവും സസ്പെന്‍ഡ് ചെയ്തു.
നേരത്തെ കാസര്‍ഗോഡും നവകേരള സദസില്‍ ലീഗ് നേതാവ് പങ്കെടുത്തിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ബഹിഷ്കരണാഹ്വാനം മറികടന്ന് പ്രാദേശിക നേതാക്കള്‍ നവകേരള സദസില്‍ പങ്കെടുക്കുന്നത് മലബാറില്‍ പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയാകുകയാണ്.