ചാലക്കുടി: ഭരണ സിരാകേന്ദ്രം അടച്ചിട്ട് ഭരണക്കാർ നാട് ചുറ്റാനിറങ്ങിയിരിക്കുന്ന നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ്.
ചാലക്കുടി സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട ആയിരക്കണക്കിന് പേർ പങ്കെടുത്ത ചാലക്കുടിയിലെ കുറ്റവിചാരണ സദസിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതി കെട്ടുകളുമായ് നിരവധി പേരെത്തി. സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കുറ്റവിചാരണയായി മാറി ചാലക്കുടിയിൽ നടന്ന യുഡിഎഫ് പരിപാടി.
മാസങ്ങളായി സാമൂഹ്യ പെൻഷൻ മുടങ്ങിയർ, വർഷങ്ങളായിട്ടും പട്ടയം ലഭിക്കാത്തവർ, ഏറെ നാളുകളായ് വേതനം ലഭിക്കാത്ത അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകർ, ശമ്പളവും പെൻഷനും ലഭിക്കാത്ത ജീവനക്കാർ, വന്യമൃഗ ശല്യം രൂക്ഷമായ മലയോരവാസികൾ, വെയർഹൗസ് ഗോഡൗൺ മാറ്റുന്നതിനെതിരെ തൊഴിലാളികൾ,
കൊരട്ടിയിലെ മേൽപാലം വിഷയവുമായി സേവ് കൊരട്ടി അംഗങ്ങൾ, സർക്കാർ സംഭരിച്ച നെല്ലിന് മൂന്നു വർഷമായി പണം നൽകാത്ത കാര്യവുമായി കർഷകർ, പ്രളയ ദുരിതാശ്വാസ സഹായം ഇനിയും കിട്ടാത്തവർ, ചികിത്സാസഹായം ലഭിക്കാത്തവർ, ഭവന നിർമ്മാണത്തിന് ധനസഹായം കിട്ടാത്തവർ, കെട്ടിട നികുതി, വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവ കൂട്ടിയ നടപടി തുടങ്ങി ഒട്ടനവധി പരാതികളുമായാണ് ജനങ്ങൾ പ്രതിപക്ഷ നേതാവിന് മുന്നിൽ എത്തിയത്.
കേരളത്തെ കട കെണിയിലാക്കി മുടിപ്പിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള അന്തിമ പോരാട്ടമാവും യുഡിഎഫിന്റെ തുടർന്നുള്ള സമരങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് അധ്യക്ഷനായി. എംഎൽഎ വഴി സ്വീകരിച്ച വിവിധ പരാതികളിൽ ആവശ്യമായ തുടർനടപടികൾ ആലോചിക്കുമെന്ന് വി.ഡി.സതീശൻ പറഞ്ഞു.