തിരുവനന്തപുരം: കനത്ത സുരക്ഷയിൽ നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പര്യടനം തുടരുന്നു. മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ പര്യടനം. ഇന്നലെ വൈകിട്ട് വർക്കലയിൽ പ്രവേശിച്ച നവകേരള സദസ് ഇന്ന് രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവൻഷൻ സെന്ററിൽ പ്രഭാതയോഗം നടത്തി.
ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. കനത്ത സുരക്ഷയാണ് നവകേരള സദസിന് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ വർക്കലയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുന്പോൾ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായി.
23ന് വട്ടിയൂർക്കാവ് പോളിടെക്നിക്കിലെ വേദിയിലാണ് നവകേരള സദസസിന്റെ സമാപന യോഗം. അതേസമയം നവകേരള സദസിന്റെ വിജയം കോൺഗ്രസിന് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവിന്റെ നിലതെറ്റിച്ചുവെന്നും മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് ഇരുമ്പുവടികളുമായി ഒരു സംഘത്തെ നയിക്കുന്നു.
ആരാണ് ക്രിമിനൽ എന്ന് കേരളം കണ്ടു. പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കുന്നത്, ബിജെപിയുമായി സഹകരിക്കുന്നതിന് തുല്യം
. സംഘപരിവാറിനെ അനുകൂലിക്കുന്ന കെപിസിസി അധ്യക്ഷന്റെ പാർട്ടിയുമായി എങ്ങനെ സഹകരിക്കുമെന്നും പി. രാജീവ് ചോദിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനേയും പി.രാജീവ് വിമർശിച്ചു. ഇതുപോലെ ഒരാൾ ചാൻസലർ ആവരുതെന്നും ചാൻസലർ ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിച്ചാൽ പ്രശ്നം തീരുമെന്നും മന്ത്രി പറഞ്ഞു.