പാലാ: നവകേരള സദസിനായുള്ള പന്തല്‍ നിര്‍മാണം ആരംഭിച്ചു. പന്ത്രണ്ടിനാണ് സദസ് നടത്തുന്നത്. നഗരസഭാ സ്റ്റേഡിയത്തിലെ വിശാലമായ പുല്‍ത്തകിടിയിലാണ് പന്തല്‍ നിര്‍മാണം പുരോഗമിക്കുന്നത്. 26,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വേദിയും പന്തലും ഒരുങ്ങുന്നത്.
സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാകാത്തവിധം വളരെ സൂഷ്മമായും എന്‍ജിനീയര്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണു നിര്‍മാണമെന്നു സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബുവും നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയും അറിയിച്ചു.
നിര്‍മാണ സാമഗ്രഹികളുമായി വാഹനങ്ങള്‍ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കുകയില്ല. തലച്ചുമടായിട്ടാണ് സാമഗ്രഹികള്‍ എത്തിക്കുക. മണ്ണില്‍ കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിര്‍മ്മാണം. സിന്തറ്റിക് ട്രാക്കില്‍ ജോലിക്കാര്‍ പ്രവശിക്കുന്ന ഭാഗത്ത് കാര്‍പ്പെറ്റ് വിരിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. നിലവിലെ സ്റ്റേഡിയത്തിലെ സ്ഥിതി വീഡിയോയില്‍ പകര്‍ത്തിയ ശേഷമാണ് പന്തല്‍ നിര്‍മാണം ആരംഭിച്ചത്.
സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുമ്പേ നിര്‍മാണത്തിനു തുടക്കമിട്ടത് എന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നഗരസഭാ പൊതുമരാമത്ത് എന്‍ജിനീയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പും നിര്മാണപുരോഗയും സ്റ്റേഡിയം സംരക്ഷണവും സമയാസമയങ്ങളില്‍ നിരീക്ഷിക്കും.10,000 പേര്‍ക്കുള്ള സജീകരണങ്ങളും ഇരിപ്പിടങ്ങളുമാണ് തയാറാവുന്നത്.