തിരുവനന്തപുരം: നവകേരള സദസിൽ ആറ് ലക്ഷത്തിലധികം പരാതികൾ ലഭിച്ചതായി പ്രാഥമിക കണക്കെടുപ്പിൽ വിവരം. 6,21,167 പരാതികളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്.
80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്. തൊട്ടുപിന്നിൽ 61,204 പരാതികളുമായി പാലക്കാട് ജില്ലയുണ്ട്. പരാതി പരിഹരിക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും.
പ്രാദേശികതലത്തിൽ തീർക്കാനുള്ള പരാതികൾ ഉണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂർത്തിയായത്. എറണാകുളം ജില്ലയിലും പരാതികളുടെ എണ്ണം പൂർണമായിട്ടില്ല.
എറണാകുളം ജില്ലയിൽ ഇനി രണ്ട് ദിവസത്തെ പര്യടനം കൂടിയുണ്ട്. അതിനുശേഷം മാത്രമേ എറണാകുളത്തെ പരാതികളുടെ കണക്ക് പൂർണമായി ലഭ്യമാവുകയുള്ളൂ.
മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞമാസം 18-ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് തിരുവനന്തപുരത്ത് അവസാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര, പിറവം ,തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ് മാറ്റിവച്ചത്. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും.