തിരുവനന്തപുരം: നാലു ലക്ഷം രൂപയുടെ വായ്പാ കുടിശികയിൽ ഇളവു തേടി നവകേരള സദസിൽ എത്തിയ ആൾക്ക് കുറച്ചു നൽകിയത് 51 5 രൂപയെന്ന ആക്ഷേപവുമായി പ്രതിപക്ഷം.
കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നുമുള്ള മറുപടി ലഭിച്ചത്.
ജില്ലാ സഹകരണസംഘം ജനറൽ ജോയിന്റ് റജിസ്ട്രാറാണ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി,ബൽറാം എന്നിവർ സമൂഹമാധ്യമത്തിലൂടെ പരിഹാസവുമായി രംഗത്തെത്തി.
ഇളവു ലഭിച്ച പൈസയ്ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പരാവധി ഇളവ് നൽകിയെന്നും സന്തോഷമായില്ലേ എന്നും ചോദിച്ചാണ് ബൽറാമിന്റെ പോസ്റ്റ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്…
മുഖ്യമന്ത്രിയുടെ ആഡംബര സദസിൽ 3, 97, 731 രൂപയുടെ വായ്പ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.
സദസ്സിൽ പോകാൻ ഓട്ടോക്കൂലി : 150
അപേക്ഷകളുടെ ഫോട്ടോസ്റ്റാറ്റ് : 50
ഉച്ച വരെ കാത്ത് നിന്നപ്പോൾ ചായ, കടി : 30
കുപ്പിവെള്ളം : 15
ആകെ : 245
ലാഭം: 270/-
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം….
ബൽറാമിന്റെ കുറിപ്പിൽ പറയുന്നത്…
ഏതായാലും ബഹു. മുഖ്യമന്ത്രിയുടെ നവകേരള സദസ് വഴി പറഞ്ഞതല്ലേ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ. അതുകൊണ്ട് താങ്കൾക്ക് പരമാവധി ഇളവുകൾ നൽകാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എത്ര രൂപയുടെ ഇളവ്? 515 രൂപയുടെ ഇളവ് ! സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ ?