പറവൂർ: നവകേരള സദസിനെതിരെ കടുത്ത വിമർശനങ്ങളുയർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്വന്തം മണ്ഡലത്തിൽ സ്വന്തം പാർട്ടിയിൽനിന്ന് തിരിച്ചടി.
കോൺഗ്രസ് നേതൃത്വത്തിലുള്ള പറവൂർ നഗരസഭ, നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ അനുവദിച്ചതാണ് സതീശനെ വെട്ടിലാക്കിയത്.
യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നവകേരള സദസിന് പണം അനുവദിക്കേണ്ടെന്ന പാർട്ടി തീരുമാനത്തിനു വിരുദ്ധമാണു നഗരസഭയുടെ നടപടി. ഭരണസമിതിയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
നവകേരള സദസുമായി സഹകരിക്കേണ്ടെന്ന യുഡിഎഫ് തീരുമാനം ഉള്ളതിനാലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നിർദേശ പ്രകാരമുള്ള തുക നൽകേണ്ടെന്ന് തീരുമാനിച്ചത്.
ജില്ലയിൽ യുഡിഎഫ് ഭരണത്തിലുള്ള അങ്കമാലി ഉൾപ്പെടെയുള്ള നഗരസഭകൾ നവകേരള സദസിനായി പണം അനുവദിച്ചിട്ടുണ്ട്. എന്നാലിതെല്ലാം കൗൺസിൽ തീരുമാനമല്ലാതെ സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ചാണ് നൽകിയത്.
എന്നാൽ പറവൂരിൽ 13ന് ചേർന്ന കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തുക നൽകാൻ തീരുമാനമെടുത്തത്. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയത്.
പണം അനുവദിക്കുന്നതിനെ എതിർത്തത് ഭരണപക്ഷത്തെ ഒരംഗം മാത്രം
2023 – 2024 വാർഷിക പദ്ധതിയുടെ ഭേദഗതിയിൽ നവകേരള സദസിന്റെ സംഘാടനം എന്ന പദ്ധതിയായി ഉൾപ്പെടുത്തി തനതു ഫണ്ടിൽ നിന്നു തുക അനുവദിക്കാനാണ് നഗരസഭ തീരുമാനമെടുത്തത്.
യുഡിഎഫിന് മേൽക്കൈയുള്ള വികസനകാര്യ സ്ഥിരം സമിതി ശിപാർശ ചെയ്ത പദ്ധതികളാണു കൗൺസിലിൽ വന്നത്. കൗൺസിലിൽ ഭരണപക്ഷത്തെ ഡി. രാജ്കുമാർ മാത്രമാണ് പണം നൽകാനുള്ള നിർദേശത്തെ എതിർത്തത്.
നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉൾപ്പെടെ കോൺഗ്രസിലെ മറ്റ് കൗൺസിലർമാരൊന്നും എതിർപ്പു പറയാതിരുന്നതോടെയാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്.
ഇവ കൗൺസിൽ അംഗീകരിച്ച ശേഷം ഡിപിസിക്ക് അയയ്ക്കുകയും ചെയ്തു. 25 ന് ചേരുന്ന ഡിപിസി യോഗം കൗൺസിൽ തീരുമാനം അംഗീകരിക്കുന്നതോടെ പണം കൈമാറാനാകും.
മാത്രമല്ല, പദ്ധതി ഭേദഗതികളെല്ലാം ബന്ധപ്പെട്ട സ്ഥിരം സമിതി യോഗങ്ങളിൽ ചർച്ച ചെയ്ത് നിർദേശമായി വന്നിട്ടുള്ളതാണെന്നും അതിനാൽ അവയെല്ലാം പരിഗണിക്കാവുന്നതാണെന്നും കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷ പറഞ്ഞതിന്റെ മിനിറ്റ്സ് രേഖകളും പുറത്തുവന്നിട്ടുണ്ട്.