പാമ്പാടി: സഹകരണ സ്ഥാപനമായ പാമ്പാടി റബ്കോയില്‍ സിഐടിയു നടത്തുന്ന തൊഴിലാളി സമരത്തില്‍ ജില്ലാനേതൃത്വം ഇടപെടുന്നു.
കഴിഞ്ഞ 76 ദിവസമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണു പൂര്‍ണമായും ജോലി ബഹിഷ്കരിച്ചു തൊഴിലാളികള്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചത്. റബ്കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വത്തിലാണു തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.
മൂന്നു ഷിഫ്റ്റിലെയും തൊഴിലാളികള്‍ കമ്പനി ഗേറ്റ് പൂട്ടി ഇപ്പോള്‍ ഉപരോധം നടത്തുകയാണ്. തുടര്‍ന്ന് ഫാക്ടറി കവാടത്തില്‍ കുത്തിയിരുന്ന തൊഴിലാളികള്‍ കങ്ങഴ പൂതക്കുഴി റോഡും ഉപരോധിച്ചു.
നവകേരളയാത്ര പാമ്പാടിയില്‍ വന്നപ്പോള്‍ ഈ കാര്യം ചൂണ്ടിക്കാട്ടി റബ്കോ എംപ്ലോയിസ് യൂണിയന് നിവേദനം നല്‍കിയിരുന്നു. ശമ്പളം മുടങ്ങിയതു ചൂണ്ടിക്കാട്ടി നവകേരള സദസില്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
എന്നിട്ടും നടപടികള്‍ സ്വീകരിക്കുവാന്‍ തയാറായിട്ടില്ലെന്ന് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിനു രൂപ ബാങ്കില്‍നിന്നു റബ്കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ വലിയ ദുരൂഹത ഉണ്ടെന്നു ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയില്‍ കോട്ടയം ലേബര്‍ ഓഫീസര്‍ കമ്പനിയില്‍ എത്തിയിരുന്നു. സിഐടിയു യൂണിയന് മാത്രമാണ് ഇവിടെയുള്ളത്.പട്ടിണികൊണ്ടു സഹികെട്ട തൊഴിലാളികള്‍ ഒന്നടങ്കം ഇപ്പോള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അപ്രതീക്ഷിത സമരം ഒത്തു തീര്‍പ്പാക്കാന്‍ റബ്കോ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ സഹകരണ മന്ത്രി വി.എന്‍. സവനും രംഗത്തെത്തിയിട്ടുണ്ട്. സമരം ചെയ്യുന്ന നേതാക്കളുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.