കോട്ടയം: നവകേരള സദസ് ജില്ലയിൽ നടത്താനിരിക്കെ വേദിയിൽ അവ്യക്തത. തിരുനക്കരയിലാണോ നാഗന്പടത്താണോ സദസ് നടത്തേണ്ടതെന്ന് ഇനിയും തീരുമാനമായിട്ടില്ല.
തിരുനക്കര ബസ് സ്റ്റാൻഡ് പൊളിച്ചതിനുശേഷം ഇവിടെ നടത്താമെന്നാണ് ഇതുവരെയുള്ള തീരുമാനം. എന്നാൽ പൊളിക്കൽ അനന്തമായി നീണ്ടതോടെ ഇവിടെ സദസിന് വേദിയൊരുക്കാനാകുമോയെന്ന് സംശയമേറിയിരിക്കുകയാണ്.
ഈ മാസം 12 ന് ആണ് നവകേരള സദസ് ജില്ലയിൽ പ്രവേശിക്കുന്നത്. അതിനു മുന്‍പ് തിരുനക്കര ബസ് സ്റ്റാൻഡ് പൊളിക്കൽ പൂർത്തിയാകുമോയെന്നാണ് ആശങ്ക. ഇതിനുബദലായി നാഗമ്പടം മൈതാനം വെട്ടിതെളിച്ചു വൃത്തിയാക്കുന്നുണ്ട്.
മരശിഖരങ്ങളും മുറിച്ചുനീക്കി. കളക്ടര്‍ ഉള്‍പ്പെടെ അവിടം സന്ദര്‍ശിക്കുകയും ചെയ്തു. പോലീസ് പരേഡ് ഗ്രൗണ്ടും പരിഗണനയിലാണ്.പൊന്‍കുന്നം ഗവ. എച്ചഎസ്എസിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും പ്രത്യേക കവാടം നിര്‍മിക്കുകയും ചെയ്തത് അടുത്തിടെ വിവാദമായിരുന്നു.
പാലായില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് വേദി. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് കുത്തിപൊളിക്കുന്നതിലും പ്രതിഷേധമുണ്ട്.
12ന് രാവിലെ പീരുമേട്ടില്‍ മന്ത്രിസഭായോഗത്തിനും നവകേരളസദസിനും ശേഷം മുണ്ടക്കയത്തുവച്ചാണ് യാത്ര ജില്ലയില്‍ പ്രവേശിക്കുന്നത്.