കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീസദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്റററില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് പരിപാടി. വിവിധ മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമയാണ് മോഡറേറ്റര്‍.
ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവരും അൻവർ സാദത്ത് എംഎൽഎ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവരും പങ്കെടുക്കും.
പി.കെ. ശ്രീമതി ടീച്ചർ, മേഴ്സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്സിക്കുട്ടൻ, ഷൈനി വിൽസൺ, പി.കെ. മേദിനി, നിലമ്പൂർ അയിഷ, ടെസി തോമസ്, ഇംതിയാസ് ബീഗം, നിഷ ജോസ് കെ മാണി, എം.ഡി. വത്സമ്മ, വിജയരാജ മല്ലിക, ഡോ. ലിസി എബ്രഹാം, കെ.സി. ലേഖ, കെ. അജിത തുടങ്ങിയ വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ വനിതകൾ പങ്കെടുക്കും.
ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാർഷിക മേഖലകളിലെ പ്രതിനിധികൾ, പരമ്പരാഗത വ്യവസായ മേഖല, ഐടി, കലാ- സാഹിത്യ- കായിക മേഖലകൾ, ആദിവാസി, ട്രാൻസ് വനിതകൾ, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ് സംഘടിപ്പിക്കുന്നത്.
സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾക്കും നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. അഭിപ്രായങ്ങൾ എഴുതി നൽകാനും അവസരം ഉണ്ടാകും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകൾ, നിർദേശങ്ങൾ, നൂതന ആശയങ്ങൾ എല്ലാം സദസിൽ പങ്കുവയ്ക്കപ്പെടും.