കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വീണ്ടും തകരാറയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം സര്‍വീസായി നടത്തിയിരുന്ന ബസ് കഴിഞ്ഞ അഞ്ചുദിവസമായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ബംഗളൂരുവില്‍ ഭാരത്ബെന്‍സിന്റെ വര്‍ക്ക് ഷോപ്പിലാണ് നിലവില്‍ ബസുള്ളത്. ഓട്ടോമാറ്റിക് ഡോര്‍ തകരാര്‍, ഡിക്കി തുറക്കുന്നതിലുള്ള ബുദ്ധിമുട്ട്, ബാത്ത്റൂമില്‍ നിന്നു ദുര്‍ഗന്ധം പുറത്തേക്ക് വമിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാണ് സര്‍വീസ് നിര്‍ത്തി അറ്റകുറ്റപ്പണിക്കയച്ചത്. ഈ മാസം ഒന്നുമുതല്‍ സര്‍വിസ് പുനരാരംഭിച്ച ബസിന്റെ ട്രിപ്പുകളെല്ലാം ഹൗസ്ഫുൾ ആയിരുന്നു. രാവിലെ 8.25 നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. രാത്രി 10.25 ന് തിരിച്ച് കോഴിക്കോട്ടേക്കും സര്‍വീസ് നടത്തി. ജിഎസ്ടി അടക്കം 968 രൂപയാണ് റിസര്‍വേഷന്‍ ചാര്‍ജ്.
2023-ലെ പിണറായിയുടെ നവകേരള യാത്രയ്ക്കുശേഷം ആഡംബര ബസ് ഏറെക്കാലം വെറുതെകിടന്നിരുന്നു. 2024 മേയ് അഞ്ചുമുതല്‍ ബംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ചു. എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചു. പിന്നീട് അടിമുടി സമഗ്രമായ അഴിച്ചുപണി നടത്തി ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ബംഗളൂരു സര്‍വീസ് വീണ്ടും തുടങ്ങി.
പതിനൊന്ന് അധിക സീറ്റ് ഏര്‍പ്പെടുത്തി. മൊത്തം സീറ്റുകളുടെ എണ്ണം 37 ആയി ഉയര്‍ത്തി. വാഷ് റൂം നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് ഒഴിവാക്കിയശേഷം അവിടെ വാതില്‍ ഘടിപ്പിച്ചു. പിന്‍ഭാഗത്തെ വാതില്‍ ഒഴിവാക്കി. ലക്ഷങ്ങള്‍ ചെലവിട്ടാണ് മാറ്റം വരുത്തിയത്. ഇത്തവണ ബംഗളൂരു സര്‍വീസ് വന്‍വിജയമായിരുന്നു. കട്ടപ്പുറത്തായ ബസ് അറ്റകുറ്റപ്പണി നടത്തി ഉടനെത്തന്നെ റോഡിലിറങ്ങുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.