തിരുവനന്തപുരം: സഞ്ചരിക്കുന്ന മന്ത്രിസഭയായ നവകേരള സദസിനായി ഉപയോഗിച്ച ബസ് വാടകയ്ക്ക് നല്കാന് ആലോചന. പുതിയ ഗതാഗതമന്ത്രിയായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
വിവാഹം, വിനോദയാത്ര, തീര്‍ഥാടനം തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വാടകയ്ക്ക് നൽകാനാണ് തീരുമാനം. 25 സീറ്റുകൾ മാത്രമാണ് ബസിലുള്ളത്. അതേസമയം മുഖ്യമന്ത്രി ഇരുന്ന ഒറ്റയ്ക്കുള്ള സീറ്റ് അങ്ങനെ തന്നെ നിലനിര്‍ത്തണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്.
നവകേരള സദസിന് ശേഷം ബസിന് ചില്ലറ അറ്റകുറ്റപ്പണികൾ ആവശ്യമുണ്ട്. കാനം രാജേന്ദ്രന്റെ മരണത്തെതുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ നവകേരള സദസിനു ശേഷമാകും ബസിന്റെ അറ്റകുറ്റപ്പണി നടത്തുക.
ബംഗളൂരുവില്‍ എത്തിച്ച് ബസിന് ചില മാറ്റങ്ങള്‍ കൂടി വരുത്താൻ ആലോചനയുണ്ട്. ബുക്കിംഗ് ഇല്ലാത്ത ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്താനും ആലോചനയുണ്ട്.
സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളേക്കാൾ വാടക കുറവായിരിക്കും. 750ലധികം പേർ ഇതോനടകം തന്നെ ബസ് വാടകയ്ക്ക് ചോദിച്ച് കെഎസ്ആർടിസിയെ ബന്ധപ്പെട്ടിട്ടുണ്ട്. ബസ് ഇപ്പോള്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണുള്ളത്. ബസ് പൊതുജനങ്ങള്‍ക്കായി കുറച്ചു ദിവസം പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്.