കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ നിർത്തിവച്ച സംസ്ഥാന സർക്കാരിന്റെ നവകേരള ബസ് ഇടവേളയ്ക്കുശേഷം വീണ്ടും യാത്ര തുടങ്ങി. എന്നാൽ, സർവീസ് പുനഃരാരംഭിച്ചപ്പോഴും ആഡംബര ബസിൽ യാത്ര ചെയ്യാൻ ആളില്ലാ ത്ത അവസ്ഥയാണ്.
ഇന്നു രാവിലെ ബംഗളൂരുവിലേക്കു യാത്ര തിരിച്ച ബസിൽ എട്ടു റിസർവേഷൻ ടിക്കറ്റുകൾ മാത്രം.
ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ കൊട്ടിഘോഷിച്ച് സർവീസ് തുടങ്ങിയ ഈ ബസ് സർവീസ് കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ബുക്കിംഗ് ലഭിക്കാത്തതിനാൽ സർവീസ് നഷ്ടത്തിലാണ്. വ്യാപക പ്രചാരണം ലഭിച്ചതോടെ ആദ്യ ദിവസങ്ങളിൽ നവകേരള ബസിൽ യാത്ര ചെയ്യാൻ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ടാക്സ് അടക്കം 1,171 രൂപയാണ് ബസിന്റെ ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും യാത്രക്കാർ നൽകണം.
ദിവസവും പുലർച്ചെ നാലിന് കോഴിക്കോട് നിന്നു തിരിച്ച് 11.35ന് ബംഗളൂരുവിൽ എത്തുകയും ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽനിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരുകയും ചെയ്യുന്ന വിധത്തിലാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.