തിരുവനന്തപുരം: ജില്ലയിൽ നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രഖ്യാപിച്ചു. ഈ മേഖലകളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദേശമുണ്ട്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.
വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഈ മേഖലകളിൽ നവകേരള സദസ് വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിലാണ് ഡ്രോൺ പറത്തുന്നത് വിലക്കിയിരിക്കുന്നത്.
നവകേരള സദസിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഒരു നവകേരള സദസിൽ നിന്ന് അടുത്ത നവകേരള സദസിലേക്ക് കടന്നു പോകുന്ന റൂട്ടുകളിലെ 100 മീറ്റർ ചുറ്റളവിലെ പ്രദേശവുമാണ് രാവിലെ 6 മുതൽ രാത്രി 8 വരെ താൽക്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്കൊഴികെ ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.