കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് കണ്ണൂർ ജില്ലയിൽ ഇന്ന് തിരിതെളിയും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. നാടാകെ ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധ സേവനങ്ങളും സംഘടിപ്പിച്ചു.
ജില്ലയിലെ പരിപാടികളുടെ ആദ്യ ദിവസമായ ഇന്ന് നാല് മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചക്ക് മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്.
എല്ലാ സ്ഥലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കലാപരിപാടികള്‍ ആരംഭിക്കും. സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്മാര്, തിരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികള്‍, പ്രമുഖർ, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്മാര്, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.