കൊല്ലം: നവകേരള സദസിന്റെ കൊല്ലം ജില്ലയിലെ പര്യടനം അവസാനിക്കുന്ന ഇന്ന് പലയിടത്തും സംഘർഷ സാധ്യതയുണ്ടെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസും യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
നവകേരള സദസ് ഇന്ന് ജില്ലയിൽ പര്യടനം നടത്തുന്നത് കൊല്ലം കന്റോൺമെന്റ് മൈതാനം, കടയ്ക്കൽ ബസ് സ്റ്റാന്റ് മൈതാനം, ചാത്തന്നൂർ കാരംകോട് സ്പിന്നിംഗ് മിൽ വളപ്പ് എന്നിവിടങ്ങളിലാണ്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഇവിടങ്ങളിലേക്ക് വരുന്ന വഴികളിലെല്ലാം പതിവിലും കൂടുതൽ ശക്തമായ പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഇന്നലെ പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊല്ലം നഗരത്തിലടക്കം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. മഹിളാ കോൺഗ്രസും മഹിളാ മോർച്ചയും അടക്കം പ്രതിഷേധത്തിൽ പങ്കുചേർന്നു. കൊല്ലം ആനന്ദവല്ലീശ്വരത്ത് കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടി കാണിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ തടയാൻ കഴിയാഞ്ഞതും പോലീസിനെ സംബന്ധിച്ചിടത്തോളം വൻ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാർ പലയിടത്തും സംഘം ചേരുമെന്നാണ് മുന്നറിയിപ്പിലുള്ളത്.
ഇന്നലെ രാത്രി കൊല്ലം കിളികൊല്ലൂർ എസ് വി ടാക്കീസിന് സമീപം യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരുമ്പോൾ വൻ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായ പ്രതിഷേധത്തിൽ പോലീസും അൽപനേരം പകച്ചു നിന്നു എന്നതാണ് വാസ്തവം. പ്രതിഷേധക്കാരെ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയപ്പോൾ പൊരിഞ്ഞ തല്ലാണ് നടന്നത്.
സംഘർഷത്തിനിടയിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ ചില്ലിന് കേടുപറ്റി. യുവമോർച്ച പ്രവർത്തകർ കൊടി കെട്ടിയ വടി കൊണ്ട് വാഹനത്തിൽ അടിച്ചിരുന്നു. ഇതാണ് ചില്ല് തകരാൻ കാരണമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകുന്നുമില്ല. പൊതുമുതൽ നശീകരണത്തിന് കണ്ടാലറിയാവുന്ന യുവമോർച്ച പ്രവർത്തകർക്കെതിരേ കേസെടുക്കുമെന്നാണ് വിവരം. ഇവിടത്തെ പ്രതിഷേധം മുൻകൂട്ടി അറിയാൻ കഴിയാഞ്ഞത് ഇന്റലിജൻസ് വിഭാഗത്തിനന്റെ കൂടി വീഴ്ചയാണ്.
നവകേരള സദസ് ചടയമംഗലം മണ്ഡലത്തിൽ എത്തുമ്പോൾ അനിഷ്ട സംഭവങ്ങൾ അരങ്ങേറും എന്നുതന്നെയാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇവിടെ സുരക്ഷ ശക്തമാക്കി. കരുതൽ തടങ്കലിനും നിർദേശമുണ്ട്. സദസ് കടയ്ക്കലിൽ എത്തുമ്പോൾ തടയാൻ എത്തുന്നവരെ കാണിച്ചു തരാം എന്ന നിലയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ മറുപടിയും നൽകിയിട്ടുണ്ട്.
പ്രതിഷേധ ക്കാരെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിക്കും. അതുകൊണ്ട് തന്നെ ചടയമംഗലം മണ്ഡലത്തിൽ സദസ് കടന്നു പോകുന്ന വഴികളിലെല്ലാം കൂടുതൽ പോലീസിനെ വിന്യസിക്കാൻ റൂറൽ പോലീസ് ആസ്ഥാനത്ത് നിന്ന് നിർദേശവും നൽകിയിട്ടുണ്ട്. മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.