കൊച്ചി : നവകേരള സദസിൽ മർദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയിസാണ് പാർട്ടി വിട്ടത്.
ഇന്നലെ കൊച്ചി മറൈൻഡ്രൈവിൽ നടന്ന നവകേരള സദസിനിടെയാണ് റയിസിന് മർദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയിസ് പറയുന്നു.
നവകേരള സദസിൽ പങ്കെടുക്കുന്നതിനു വേണ്ടി എത്തിയതായിരുന്നു റയിസ്. ഫോൺ വന്നതിനാൽ വേദിയുടെ പുറത്തേക്കിറങ്ങുന്ന സമയം അഞ്ചു പേരെത്തി റയിസിന്റെ ഫോൺ വാങ്ങി പരിശോധിച്ചു.
ഫോൺ തിരികെ കിട്ടി പുറത്തേക്കിറങ്ങിയപ്പോൾ അൻപതോളം പ്രവർത്തകരെത്തി റയിസിനെ അക്രമിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചു. പാർട്ടിയിൽ പ്രവർത്തിക്കുന്നതിനു ഇനി താൽപര്യമില്ലെന്നും പാർട്ടി വിടുകയാണെന്നും റയിസ് വ്യക്തമാക്കി. പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടും ആൾക്കൂട്ട മർദനത്തിനു ഇരയാകേണ്ടി വന്നത് മാനസികമായി തന്നെ തളർത്തിയെന്നും റയിസ് പറഞ്ഞു.