നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് സ്കൂൾ കുട്ടികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് മുദ്രാവാക്യം വിളിപ്പിക്കാനായി നിർത്തിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ എതിർത്ത് കെഎസ്യു രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ ചമ്പാട് എൽപി സ്കൂള്‍ പ്രഥമാധ്യാപകനും ജീവനക്കാർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതിനല്‍കി.
പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽനിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്തു സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കാണാനുള്ള അവസരമാണ് കുട്ടികൾക്ക് ഉണ്ടാക്കികൊടുത്തത്. വെയിലത്തല്ല കുട്ടികളെ സ്കൂളിനു മുന്നിലുള്ള മരത്തണലിലാണ് നിർത്തിയത്. കുട്ടികളെ റോഡരികിലേക്ക് ഇറക്കിനിര്‍ത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ചമ്പാട് എൽപി സ്കൂൾ അധ്യാപകൻ ജയകൃഷ്ണൻ പറഞ്ഞു.